ഇടുക്കി: പേരുകൊണ്ട് വ്യത്യസ്‌തനാണ് ഇടുക്കി ഏലപ്പാറ സ്വദേശിയായ നാലായിരം. പേരിനോട് നീതി പുലർത്തി, ഫോൺ നമ്പറുകൾ മനപാഠമാക്കുകയാണ് ഈ തോട്ടം തൊഴിലാളി. പ്രധാന ഫോൺ നമ്പറുകൾ എല്ലാം നാലായിരത്തിന് മനപാഠമാണ്.
തിരുനൽവേലി സ്വദേശികളായ ബി നാലായിരത്തിൻ്റെ മാതാപിതാക്കൾ 1960 ൽ ആണ് തോട്ടം മേഖലയിലെ ജോലിയ്ക്കായി ഏലപ്പാറയിൽ എത്തിയത്. മകൻ ജനിച്ചപ്പോൾ നാട്ടിലെ ക്ഷേത്രത്തിലെ മൂർത്തിയായ നാലായിരത്തമ്മനോടുള്ള ബഹുമാനർത്ഥം മകന് 'നാലായിരം' എന്ന് പേര് നൽകി.
പേരിനോട് നീതി പുലർത്തുന്നതാണ് നാലായിരത്തിൻ്റെ ഓർമ്മശക്തി. ഒരു ഫോൺ നമ്പർ ആദ്യ കേൾവിയിൽ തന്നെ മനപാഠമാക്കും. പിന്നീട് എഴുതി സൂക്ഷിക്കും. പ്രധാന സർക്കാർ ഓഫിസുകളുടെയും മന്ത്രിമാരുടെയും നമ്പറുകളെല്ലാം കാണാതെ അറിയാം. സുഹൃത്തുക്കളുടെയും നമ്പറുകൾ മനപാഠമാണ്. 10-ാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള നാലായിരം പേര് കൊണ്ടും ഓർമ്മശക്തി കൊണ്ടും അത്ഭുതപ്പെടുത്തുകയാണ്.