കാസർകോട്: സംസ്ഥാന സ്‌കൂൾ കായികമേളയുടെ ദീപശിഖാ പ്രയാണം നാളെ (നവംബർ ഒന്നിന്) കാസർകോട് നിന്നും ആരംഭിക്കും. ഹൊസ്‌ദുർഗ് ഗവൺമെന്‍റ് ഹയർസെക്കന്‍ററി സ്‌കൂളിൽ നിന്ന് രാവിലെ 9 മണിക്കാണ് പ്രയാണം ആരംഭിക്കുക.
കാസർകോട് നിന്നും 1600 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. അറ്റലറ്റ് വിഭാഗത്തിൽ 230 കുട്ടികൾ പങ്കെടുക്കുമെന്നും ഇത്തവണ മിന്നും പ്രകടനങ്ങൾ കാഴ്‌ചവയ്‌ക്കുമെന്നും ജില്ലാ സ്‌കൂൾ സ്‌പോർട്‌സ് കോർഡിനേറ്റർ പ്രീതിമോൾ പറഞ്ഞു. എറണാകുളത്ത് നടക്കുന്ന കായികമേളയുടെ പ്രയാണമാണ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ നിന്നും ആരംഭിക്കുന്നത്.
നീലേശ്വരം എൻകെ ബാലകൃഷ്‌ണൻ മെമ്മോറിയൽ യുപി സ്‌കൂൾ പരിസരത്തും പിലിക്കോട് സി കൃഷ്‌ണൻനായർ സ്‌മാരക ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്‌കൂൾ പരിസരത്തും ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകും. തുടർന്ന് കരിവെള്ളൂർ എവി സ്‌മാരക ഗവൺമെന്‍റ് ഹയർ സെക്കന്‍ററി സ്‌കൂളിലേക്ക് പ്രയാണം തുടരും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മത്സരങ്ങൾ നവംബർ നാല് മുതൽ: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. സംസ്ഥാനത്തെ രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി മത്സരങ്ങൾക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികൾ മത്സരിക്കും.
ഉദ്ഘാടന ദിവസം 3000 ഓളം കുട്ടികൾ പങ്കെടുക്കുന്ന കലാപരിപാടികൾ മഹാരാജാസ് കോളജ് മൈതാനിയിൽ അരങ്ങേറും. ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ മെഡൽ സമ്മാനിക്കും. ഈ മെഡൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പിന് കൈമാറിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.
പ്രശസ്‌ത ഹോക്കി താരം പിആർ ശ്രീജേഷ് ആണ് സംസ്ഥാന കായിക മേളയുടെ ബ്രാൻഡ് അംബാസഡർ. സമാപന സമ്മേളനം നവംബർ 11ന് വൈകിട്ട് മഹാരാജാസ് കോളജ് മൈതാനിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ട്രോഫി സമ്മാനിക്കും.
Also Read: 'സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്‌സ് മാതൃകയിൽ, ഇത് രാജ്യത്ത് ആദ്യമായി': വി.ശിവന്‍കുട്ടി