തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടി നൽകിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ കരിമണൽ കമ്പനിയായ സി എം ആർ എല്ലിനായി സംസ്ഥാന സർക്കാരിന്‍റെ വ്യവസായ നയം മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയെന്നും ഇതിന് പ്രതിഫലമായാണ് വീണ വിജയന് മാസാമാസം പണം ലഭിച്ചതെന്നും മാത്യു കുഴൽനാടൻ എം എൽ എ ആരോപിച്ചു. ഇത് സംബന്ധിച്ച രേഖകളും പുറത്ത് വിട്ടു(Mathew Kuzhalnadan).
മാസപ്പടിയിലെ പ്രധാന വിഷയം അഴിമതിയാണെന്നും വീണാ വിജയനല്ല, മുഖ്യമന്ത്രിയാണ് മാസപ്പടിയിലെ കുറ്റവാളിയെന്നും മാത്യൂ കുഴൽ നാടൻ (CMRL)പറഞ്ഞു. ഇന്നലെ ഈ വിഷയം കുഴൽ നാടൻ നിയമസഭയിൽ ഉന്നയിക്കാൻ (Indsrial Policy)ശ്രമിച്ചപ്പോൾ സ്‌പീക്കർ മൈക് ഓഫാക്കിയിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹം ഇന്ന് മാധ്യമങ്ങളെ കണ്ടത്. സ്‌പീക്കർ നിയമ സഭയിൽ ഇന്നലെ തനിക്ക് ആരോപണം ഉന്നയിക്കാനുള്ള അവസരം നിഷേധിച്ചത് മുഖ്യമന്ത്രിക്ക് പരിച തീർത്തതാണെന്നും കുഴൽ നാടൻ പറഞ്ഞു. 2004 ലാണ് സിഎം ആർ എലിന് ഖനനത്തിനായി ആദ്യം സംസ്ഥാന സർക്കാർ കരാർ നൽകിയത്. 1000 കോടിക്ക് മുകളിലുള്ള ലീസ് ആയിരുന്നു അത്. എന്നാൽ 10 ദിവസത്തിനുള്ളിൽ കരാർ റദ്ദ് ചെയ്‌തു. പിന്നീട് വന്ന അച്യുതാനന്ദൻ സർക്കാരും ഉമ്മൻചാണ്ടി സർക്കാരും കരാറിൽ ഒരേ നിലപാട് എടുത്തു. തുടർന്ന് സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയിൽ പോയ സി.എം.ആർ.എല്ലിന് അനുകൂലമായി വിധിയും വന്നു. ഇതിനെതിരെ ഉമ്മൻ ചാണ്ടി സർക്കാർ സുപ്രീം കോടതിയിൽ പോയി.
20/12/2016 മുതലാണ് വീണക്ക് അഞ്ച് ലക്ഷം രൂപ വീതം മാസപ്പടി വന്നുതുടങ്ങിയത്. കരിമണൽ ഖനനത്തിന് പാട്ടക്കരാർ ലഭിക്കുന്നതിനായിരുന്നു ഇത്. മൂന്ന് വർഷത്തിലേറെ എട്ട് ലക്ഷം രൂപ വീണയ്ക്ക് ലഭിച്ചു. 2018-ലാണ് പിണറായി സർക്കാർ വ്യവസായ നയം ഭേദഗതി ചെയ്‌തത് . ഇത് സി.എം.ആർ.എല്ലിന് കരാർ അനുവദിച്ചുകൊടുക്കാൻ വേണ്ടിയായിരുന്നുവെന്നും ഭേദഗതിയുടെ ഇംഗ്ലീഷ്, മലയാളം രൂപങ്ങളിൽ വൈരുധ്യമുണ്ടെന്നും കുഴൽ നാടൻ പറഞ്ഞു. ഇതിന്‍റെ രേഖയും അദ്ദേഹം പുറത്തുവിട്ടു.
2019-ൽ കേന്ദ്രം വിവിധ തരത്തിലുള്ള ഖനനങ്ങൾ റദ്ദാക്കി. തുടർന്ന് സി എം ആർ എൽ മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകി. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇതിൽ ഇടപെട്ടത്. തുടർന്ന് വ്യവസായ വകുപ്പിന്‍റെ ഫയൽ മുഖ്യമന്ത്രി നേരിട്ട് വിളിച്ചുവരുത്തി. 19/10/2019 അഡ്വക്കേറ്റ് ജനറൽ ഇത് സംബന്ധിച്ച ലീഗൽ ഉപദേശം മുഖ്യമന്ത്രിക്ക് നൽകി. ഇതോടെ ഇതിൽ അവസാന തീരുമാനമെടുക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കായി. ഇതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കുഴൽ നാടൻ ചോദിച്ചു.
കരാർ മൂലം സി എം ആർ എല്ലിന് ഇതുവരെ സാമ്പത്തികമായി ഗുണങ്ങൾ ലഭിച്ചില്ല. അത് ഭാവിയിലേക്ക് വേണ്ടി നടത്തിയ നീക്കമാണ്. സി എം ആർ എല്ലിന്‍റെ ഭൂമി ഇതുവരെ ഏറ്റടുക്കാതെ സഹായിക്കുകയും ചെയ്‌തു. ഇനിയും മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെന്ന് പറയാൻ ആർജ്ജവം ഉണ്ടോ എന്നും മാത്യു കുഴൽനാടൻ ചോദിച്ചു.