തിരുവനന്തപുരം : ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും (SSLC Exam Will End Today). നാളെ (26-03-2024) പ്ലസ് ടു പരീക്ഷയും അവസാനിക്കും. എസ്എസ്എൽസി പരീക്ഷയുടെ അവസാന ദിനമായ ഇന്ന് സാമൂഹ്യശാസ്ത്രമാണ് വിഷയം. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഏപ്രിൽ 3 മുതൽ മൂല്യനിർണയം ആരംഭിക്കും.
70 ക്യാമ്പുകളിലായി 10,000ത്തോളം അധ്യാപകരെ പങ്കെടുപ്പിച്ച് രണ്ട് ഘട്ടങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കാനാണ് ലക്ഷ്യം. മെയ് ആദ്യ വാരമല്ലെങ്കിൽ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും (The Result Will Be Announced In May) . ഹയർ സെക്കണ്ടറി മൂല്യനിർണ്ണയവും ഏപ്രിൽ 3 ന് ആരംഭിക്കും. 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുക്കും.
വൊക്കേഷണൽ ഹയർ സെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 3 ന് ആരംഭിക്കും. 8 ക്യാമ്പുകളിലായി 2200 അധ്യാപകർ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിർണ്ണയ ക്യാമ്പുകളുടെ പ്രവർത്തനമെന്നും മാർച്ച് 31 ഈസ്‌റ്റർ ദിനത്തിൽ മൂല്യനിർണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അധ്യാപകർക്ക് ഉണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.