വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനായിരുന്ന ജെന്‍സണിനെയും നഷ്‌ടപ്പെട്ട ശ്രുതി ആശുപത്രിയിൽ തുടരുന്നു. കാലിന് ശസ്‌ത്രക്രിയ കഴിഞ്ഞ ശ്രുതിയെ വാര്‍ഡിലേക്ക് മാറ്റി. ചൊവ്വാഴ്‌ച (സെപ്‌റ്റംബർ 10) കൽപ്പറ്റയിൽ വച്ചുണ്ടായ അപകടത്തിലാണ് ശ്രുതിയുടെ കാലിന് പരിക്കേറ്റത്.
ശ്രുതിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. ശ്രുതിക്കൊപ്പം അപകടത്തില്‍ പരിക്കേറ്റ എട്ട് പേരും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വാഹനാപകടത്തിൽ മരിച്ച ജെൻസണിന്‍റെ മൃതദേഹം ഇന്നലെ (സെപ്‌റ്റംബർ 12) സംസ്‌കരിച്ചു.
വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയെല്ലാം നഷ്‌ടമായ ശ്രുതിയെ തനിച്ചാക്കി ജെൻസണും വിടവാങ്ങിയതിന്‍റെ വേദനയിലാണ് ജനം. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെയുള്ളവർ ജെൻസണിന് അന്ത്യ ചുംബനം നൽകി യാത്രയാക്കി. ജെൻസണിന്‍റെ വീട്ടില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് മൃതദേഹം സംസ്‌കാരിച്ചത്.
കൽപ്പറ്റയിലെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസൺ ബുധനാഴ്‌ച (സെപ്‌റ്റംബർ 11) രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ഡ്രൈവിങ് സീറ്റിലായിരുന്ന ജെൻസണിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം അനിയന്ത്രിതമായ നിലയിലായിരുന്നു. അടിയന്തര ശസ്‌ത്രക്രിയയ്ക്ക് വിധേയനാക്കിയ ശേഷം വെന്‍റിലേറ്ററിലേക്ക് മാറ്റിയ ജെൻസണിന്‍റെ ജീവന് വേണ്ടി കേരളക്കര മുഴുവൻ പ്രാർഥിച്ചിരുന്നെങ്കിലും അതെല്ലാം വിഫലമായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഉരുൾപൊട്ടലിൽ അച്‌ഛനും അമ്മയും സഹോദരിയുമടക്കം ഒമ്പത് ഉറ്റബന്ധുക്കളെ നഷ്‌ടപ്പെട്ട ശ്രുതിയുടെ ഏക ആശ്വാസമായിരുന്നു ജെൻസൺ. സ്‌കൂൾ കാലം മുതൽ ജെൻസണും ശ്രുതിയും സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹ നിശ്ചയത്തിലേക്കും എത്തി. അതിനിടെയാണ് ശ്രുതിയുടെ ജീവിതത്തെ അപ്പാടെ ഇരുട്ടിലാക്കിയ ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ചത്. ആ ദുരന്തത്തില്‍ ശ്രുതിക്ക് തന്‍റെ പ്രിയപ്പെട്ടവരെയെല്ലാം നഷ്‌ടമായി.
ശ്രുതിയുടെ ബന്ധുക്കൾ മരിച്ച് 41 ദിവസത്തിന് ശേഷം വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനിരുന്നതായിരുന്നു ജെന്‍സണിന്‍റെ കുടുംബം. അതിനിടെയാണ് അപ്രതീക്ഷിതമായ മറ്റൊരു ദുരന്തം ഉണ്ടായത്. ശ്രുതിക്ക് അടച്ചുറപ്പുള്ള ഒരു വീട് വച്ച് നൽകണമെന്നതായിരുന്നു ജെൻസണിന്‍റെ ആഗ്രഹം. അത് പൂർത്തിയാക്കാതെയാണ് ജെൻസൺ യാത്രയായത്. ജീവിതത്തിൽ ഒറ്റയ്‌ക്കാക്കില്ലെന്ന് പറഞ്ഞ് കൂടെ കൂട്ടിയവളെ, പാതി വഴിയിൽ വിട്ട് പോകണ്ടി വന്നു. ശ്രുതിക്ക് താങ്ങായി നിന്ന ജെൻസണിന്‍റെ അപ്രതീക്ഷിത വിയോഗം കേരളത്തിനാകെ തീരാനോവായി മാറിയിരിക്കുകയാണ്.