കണ്ണൂർ: കേരളത്തിൻ്റെ കായിക മേഖലയെ ഉയർത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും പുതിയ കായിക നയം രൂപീകരിക്കുമ്പോഴും സംസ്ഥാനത്തെ യുവ കായികതാരങ്ങളുടെ നിലവിലെ അവസ്ഥ എന്താണ്...? കുതിക്കാൻ ഒരുങ്ങിയ പലരും കിതയ്ക്കുകയാണ്. കണ്ണൂർ ജില്ലയിലെ പഴശ്ശിരാജ എൻഎസ് കോളജ് മട്ടന്നൂർ, പയ്യന്നൂർ കോളജ്, കൃഷ്‌ണ മേനോൻ സ്‌മാരക വനിത കോളജ്, എസ്എൻ കോളജ് എന്നിവിടങ്ങളിലായി നാല് സ്പോർട്‌സ് ഹോസ്റ്റലുകളാണുള്ളത്.
ഈ അധ്യയന വർഷം തുടങ്ങി അഞ്ച് മാസമായിട്ടും നാല് ഹോസ്റ്റലുകളിലും ഉള്ള താരങ്ങൾക്ക് ഇതുവരെ ഒരു രൂപ പോലും അലവൻസ് ആയി ലഭിച്ചിട്ടില്ല എന്നത് കായിക കേരളത്തിൻ്റെ ട്രാക്ക് മാറി ഓടുന്ന കാഴ്‌ചയാണ്. ഇത് തന്നെയാണ് സംസ്ഥാനത്തെ ഒട്ടുമിക്ക ഹോസ്റ്റലുകളുടെയും അവസ്ഥ. കണ്ണൂർ ജില്ലയിലെ നാളെയുടെ വാഗ്‌ദാനങ്ങളുടെ പരാതി മാസങ്ങളേറെയായിട്ടും സർക്കാർ കേട്ടിട്ടില്ല എന്നതാണ് സത്യം. സ്പോർട്‌സ് കൗൺസിലുകൾക്ക് കീഴിലുള്ള സ്പോർട്‌സ് ഹോസ്റ്റലുകളിൽ താമസിക്കുന്ന കായികതാരങ്ങളുടെ മെസ് അലവൻസാണ് എട്ടുമാസത്തോളമായി മുടങ്ങിയിരിക്കുന്നത്.
അധ്യാപകരുടെയും മാനേജ്മെൻ്റ് പിടിഎയുടെയും എല്ലാം കനിവോടെയാണ് ഇവർക്കായുള്ള ഭക്ഷണത്തിനായി തുക ഇപ്പോൾ കണ്ടെത്തുന്നത്. സ്പോർട്‌സ് കൗൺസിൽ ബിൽ സമർപ്പിച്ചിട്ടുണ്ടെന്ന മറുപടിയാണ് സ്‌പോർട് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് യു ഷറഫലി പറയുന്നത്. സാമ്പത്തിക വകുപ്പിൻ്റെ ഫയലിലാണ്. തുക അനുവദിച്ച് കിട്ടുന്ന മുറയ്ക്ക് അലവൻസ് വിതരണം ചെയ്യും. പത്ത് ദിവസത്തിനുള്ളിൽ അലവൻസ് വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നത്. ഇത് വിശ്വസിക്കാതെ മറ്റൊരു വഴിയില്ല. ഒരു കായികതാരത്തിന് ദിവസം 250 രൂപ വീതമാണ് മാസത്തിൽ അനുവദിക്കാറുണ്ടായിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എൻഎസ് കോളജിന് കഴിഞ്ഞ അധ്യയന വർഷത്തെ മൂന്ന് മാസത്തെയും മറ്റ് കോളജുകളിലുള്ളവർക്ക് കഴിഞ്ഞ അധ്യയന വർഷത്തെ രണ്ട് മാസത്തെയും അലവൻസ് കുടിശ്ശികയുണ്ട്. ഇത് പ്രകാരം 28 മുതൽ 30 ലക്ഷം രൂപ വരെ ജില്ലയിലെ കായിക താരങ്ങൾക്കായി വിതരണം ചെയ്യാനുണ്ട്. മെസ് അലവൻസ് വൈകിയതിനാൽ സ്പോർട്‌സ് ഹോസ്റ്റലിലെ കായികതാരങ്ങൾ രാപ്പകൽ സമരം നടത്താൻ ഒരുങ്ങിയിരുന്നെങ്കിലും ഉടൻ വിതരണം ചെയ്യുമെന്ന് സ്പോർട്‌സ് കൗൺസിൽ അറിയിച്ചതിനെ തുടർന്ന് തത്കാലം സമരം നിർത്തിവയ്ക്കുകയായിരുന്നു.
എട്ടുമാസത്തെ കുടിശ്ശിക കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലായാണ് വിതരണം ചെയ്‌തത്. ഇതിന് മുമ്പ് ഒരു വർഷത്തോളമായി അലവൻസ് മുടങ്ങിയ അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഹോസ്റ്റലുകളിലേക്ക് കായിക താരങ്ങൾക്ക് മുമ്പ് അനുവദിച്ചിരുന്ന വാഷിങ് അലവൻസ് ഇപ്പോൾ വർഷങ്ങളായി കിട്ടുന്നില്ല. ഹോസ്റ്റലുകളിലേക്കുള്ള കളി ഉപകരണങ്ങളുടെ വിതരണവും നടക്കാറില്ലെന്ന് ഹോസ്റ്റൽ അധികൃതർ പറയുന്നത്.