കാസര്‍കോട് : റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ടി പി ഷാജിത്ത്. ശക്തമായ തെളിവുകള്‍ തന്നെ നിരത്തിയ കേസാണിത്. 97 സാക്ഷികളെ വിസ്‌തരിക്കുകയുണ്ടായി. എന്നാല്‍ ചില രാഷ്ട്രീയ നേതാക്കള്‍ കഥയറിയാതെ ആട്ടം കാണുകയാണെന്ന് ഷാജിത്ത് പറഞ്ഞു.
മെമ്മറി കാര്‍ഡോ സിം കാര്‍ഡോ പരിശോധിച്ചില്ല എന്നത് കാരണമല്ല, മൊബൈല്‍ ഫോണിനെ കുറിച്ച് ഒരു ചോദ്യം പോലും ഉയര്‍ന്നുവന്നിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൊബൈല്‍ ഹാജരാക്കാതിരിക്കുകയും പ്രതിഭാഗം തര്‍ക്കം ഉന്നയിക്കുകയും ചെയ്‌താല്‍ മാത്രമേ അത് വിഷയമാകുന്നുള്ളൂ. ഈ കാരണം ചൂണ്ടിക്കാട്ടി അനേകം തെളിവുകളുള്ള കേസില്‍ പ്രതികളെ വെറുതെ വിടാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
ചോരയില്‍ കുതിര്‍ന്ന നിലയില്‍ കണ്ടെടുത്ത ഡ്രസ് തന്‍റേതല്ല എന്ന വാദം ഒന്നാം പ്രതി എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പ്രതിയുടെ ഡിഎന്‍എ എന്തുകൊണ്ട് എടുത്തില്ലെന്ന ചോദ്യം ഉയരുന്നുണ്ടെന്നും. എന്നാല്‍, ഒന്നാം പ്രതിയുടെ ഡ്രസ് ആണെന്ന് അല്ലാതെ തന്നെ തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതികള്‍ ആര്‍എസ്എസുകാരാണെന്ന് തെളിയിക്കപ്പെട്ടില്ലെങ്കില്‍ കേസ് വെറുതെ വിടാനാകുമോ എന്നും അഡ്വ. ടി പി ഷാജിത്ത് ചോദിച്ചു.
അതേസമയം, പ്രോസിക്യൂഷനും പൊലിസിനും വീഴ്‌ച പറ്റിയതായി കരുതുന്നില്ലെന്നും, പറ്റാവുന്ന എല്ലാ തെളിവുകളും ശേഖരിച്ച് നല്‍കിയിട്ടുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി അംഗം സി എച്ച് അബ്‌ദുല്ലക്കുഞ്ഞി പറഞ്ഞു. മനപൂര്‍വമല്ലാത്ത അപാകതകള്‍ വന്നിട്ടുണ്ടോ എന്ന് പറയാനാകില്ലെന്നും അതൊന്നും പ്രതികളെ വെറുതെ വിടാന്‍ കാരണമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റിയാസ് മൗലവി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗ് രംഗത്തെത്തിയിരുന്നു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്‍റെ കുടുബത്തിന് വേണ്ട നിയമ സഹായങ്ങൾ ലീഗ് നൽകുമെന്നും നേതാക്കൾ അറിയിച്ചിട്ടുണ്ട്.
പുനരന്വേഷണത്തിന് ഉത്തരവിടാൻ സർക്കാർ തയ്യാറാകണമെന്നാണ് ലീഗ് മുന്നോട്ട് വെക്കുന്ന ആവശ്യം. പരിചയവും അനുഭവ സമ്പത്തുമുള്ള ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘത്തിന് കേസിൻ്റെ പുനരന്വേഷണം എത്രയും പെട്ടെന്ന് ഏൽപ്പിക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.