എറണാകുളം: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധി സമൂഹത്തിനുള്ള ഒരു മെസേജ് കൂടിയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്‌ണൻ. കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ പാവപ്പെട്ട വീട്ടിലെ നിയമവിദ്യാർഥിയായ കുട്ടിയെ അവരുടെ വീട്ടിൽ പകൽ സമയത്ത് അതിക്രമിച്ച് കയറി, അതിക്രൂരമായി ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസാണ് ഇത്.
ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്‌ത്രീയമായ തെളിവുകളുമാണ് ഉണ്ടായിരുന്നത്. സംഭവ സ്ഥലമായ വീടിൻ്റെ വാതിൽപ്പടിയിൽ നിന്നും ലഭിച്ച രക്തക്കറയിൽ നിന്നാണ് ഡിഎൻഎ കണ്ടെത്തിയത്. പെൺകുട്ടിയുടെ ചുരിദാറിൽ നിന്നും രണ്ട് സ്ഥലത്ത് നിന്നും ഡിഎൻഎ കണ്ടെത്തിയിരുന്നു. പോസ്‌റ്റ്‌മോർട്ട സമയത്ത് നഖത്തിൽ നിന്ന് ലഭിച്ച ചർമ്മത്തിൽ നിന്ന് പ്രതിയുടെ ഡിഎൻഎ ലഭിച്ചിരുന്നു.
ഈ നാല് ഡിഎൻഎ ഫലങ്ങളാണ് ഈ കേസിൽ നിർണ്ണായകമായതെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാണിച്ചു. കുത്താൻ ഉപയോഗിച്ച കത്തിയിൽ നിന്ന് പെൺകുട്ടിയുടെ രക്തത്തിൻ്റെ അംശം ലഭിച്ചിരുന്നു. പ്രതി ഈ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നത് അടുത്ത വീട്ടിലെ ഒരു സ്‌ത്രീ കണ്ടിരുന്നു. അവരുടെ മൊഴിയും വിലപ്പെട്ടതായിരുന്നു. സംഭവം നടന്ന അന്ന് തന്നെ പ്രതി ഇവിടെ നിന്നും സ്ഥലം വിട്ട് പോയിരുന്നു. പിന്നീടുള്ള പ്രവർത്തനങ്ങളെല്ലാം ഇയാളൊരു കുറ്റക്കാരനാണെന്ന് തെളിയിക്കുന്നതായിരുന്നുവെന്നും പ്രോസിക്യുട്ടർ വ്യക്തമാക്കി.
പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌തിരുന്നു. കാഞ്ചിപുരത്ത് വെച്ച് വേറൊരു മൊബൈൽ ഉപയോഗിച്ചതിനെ തുടർന്നാണ് സ്ഥലം കണ്ടെത്താൻ കഴിഞ്ഞത്. അറസ്‌റ്റ് ചെയ്‌തതിന് ശേഷം ചോദ്യം ചെയ്‌ത വേളയിൽ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. അതുവരെ ലഭിച്ച തെളിവുകൾ ഉൾപ്പടെ വിശകലനം ചെയ്‌താണ് കുറ്റപ്പത്രം സമർപ്പിച്ചത്.
വധശിക്ഷ വിധിച്ച പല കേസുകളിലും ഹൈക്കോടതിയും, സുപ്രീം കോടതിയും വധശിക്ഷ ഒഴിവാക്കി മറ്റ് കൂടുതൽ ശിക്ഷകൾ നൽകി കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ കേസിൽ സംശയത്തിൻ്റെ യാതൊരു സാഹചര്യമില്ലാത്തതിനാലും തെളിവുകൾ ശക്തമായതിനാലും, ക്രൂരമായ കൊലപാതമായതിനാലുമാണ് ഈ വിധി കോടതി ശരിവെച്ചതെന്നും പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്‌ണൻ വിശദീകരിച്ചു. വധശിക്ഷ നിയമസംവിധാനം അനുവദിക്കുന്ന കാലത്തോളം ഇത്തരം കേസുകളിൽ വധശിക്ഷ നൽകുന്നതാണ് ശരിയെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്‌ണൻ പറഞ്ഞു.