തിരുവനന്തപുരം : സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെപ്പറ്റിയുള്ള വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഉന്നത വനിത പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.
ക്രൈം ബ്രാഞ്ച് എഡിജിപി വെങ്കിടേഷ് ഐപിഎസിന്‍റെ മേൽനോട്ടത്തിൽ ഐജി സ്‌പര്‍ജന്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാകും ആരോപണങ്ങള്‍ അന്വേഷിക്കുക. ഡിഐജി എസ്. അജീത ബീഗം, ക്രൈം ബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്‌സ് എസ്.പി മെറിന്‍ ജോസഫ്, കോസ്റ്റല്‍ പൊലീസ് എഐജി ജി. പൂങ്കുഴലി, പൊലീസ് അക്കാദമി അസി. ഡയറക്‌ടര്‍ ഐശ്വര്യ ഡോങ്ക്‌റെ, ലോ & ഓര്‍ഡര്‍ എഐജി അജിത്ത് വി, തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്‌പി എസ്. മധുസൂദനന്‍ എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് ആരോപണം ഉന്നയിച്ചവരുടെ മൊഴികൾ രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുക.
ബംഗാളി നടി ശ്രീലേഖയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്തും നടി രേവതി സമ്പത്തിന്‍റെ വെളിപ്പെടുത്തലിൽ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖും ഇന്ന് രാവിലെ രാജിവച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത പൊലീസ് മേധാവികളുടെ യോഗം ചേരുകയും ഉന്നത വനിത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനമെടുക്കുകയും ചെയ്‌തത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വാർത്ത മാധ്യമങ്ങൾ വഴി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടെങ്കിലും പരാതികൾ ഒന്നും ഇതുവരെ ഫയൽ ചെയ്‌തിരുന്നില്ല. എന്നാൽ ആരോപിക്കപ്പെട്ട ലൈംഗിക അതിക്രമങ്ങളില്‍ സർക്കാർ തന്നെ മുൻകൈ എടുത്ത് അന്വേഷണം ആരംഭിക്കുന്നതായാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുന്നത്.
Also Read : ലിസ്‌റ്റിൽ സിദ്ദിഖ് മാത്രമല്ല; പ്രമുഖരുടെ പേരുള്ള രേവതി സമ്പത്തിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ് വൈറൽ