തിരുവനന്തപുരം : കോവളത്ത് ഭാര്യാമാതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൻ ആത്മഹത്യ ചെയ്‌തു. വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം ശ്രീഭവനിൽ വാടകയ്ക്ക് താമസിച്ചിരുന്ന സാബുലാല്‍ (50), വീട്ടിൽ ഒപ്പം താമസിച്ചിരുന്ന ഭാര്യാമാതാവ് സി ശ്യാമള (76) എന്നിവരാണ് മരിച്ചത്. സാബുലാലിന്‍റെ മുറിയിൽ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന സാബുലാലിന്‍റെ ഭാര്യ റീന കഴിഞ്ഞ ജൂൺ മൂന്നിനാണ് മരിച്ചത്. ഭാര്യയുടെ മരണം സാബുലാലിനെ തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതേ തുടർന്ന് അസ്വസ്ഥനായി കഴിഞ്ഞിരുന്ന സാബുലാൽ ഭാര്യയുടെ അമ്മയെ കിടപ്പുമുറിയിൽ വച്ച് പ്ലാസ്‌റ്റിക്ക് കയറുപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഭാര്യയുടെ ചിത്രവും ഓര്‍മ കുറിപ്പും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതിന് പിന്നാലെയാണ് മരണം. സംഭവത്തിന് മുന്‍പ് പുലര്‍ച്ചെ നാലു മണിയോടെ സാബുലാല്‍ ഭാര്യയുടെ ബന്ധുവിന് എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് വാട്‌സ്‌ആപ്പില്‍ അയച്ചിരുന്നു. അതിൽ ഭാര്യയുടെ വേർപാട് താങ്ങാനാകുന്നില്ല എന്ന് സാബു ലാൽ എഴുതിയിരുന്നു. അതാകാം ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു.
രാവിലെ ഏഴോടായാണ് ബിന്ദു വാട്‌സ്‌ആപ്പിൽ ഈ സന്ദേശം കാണുന്നത്. ഇത് കണ്ട് ബിന്ദു സാബുലാലിന്‍റെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. ബിന്ദു സാബുലാലിന്‍റെ വീട്ടിലെ ജോലിക്കാരിയോട് പെട്ടെന്ന് അയാളുടെ വീട്ടിലെത്തണമെന്ന് വിളിച്ചറിയിച്ചു. ഇവരെത്തിയ സമയം വീടിന്‍റെ വാതിലുകൾ കുറ്റിയിടാതെ ചാരിയിട്ടിരുന്ന നിലയിലായിരുന്നു.
അകത്ത് കയറിപ്പോൾ താഴത്തെ മുറിയിൽ കഴുത്തിൽ കയറുമുറുക്കി മരിച്ച നിലയിൽ ശ്യാമളയുടെ മൃതദേഹവും മുകളിലത്തെ മുറിയിൽ സാബുലാൽ ജീവനൊടുക്കിയതായും കണ്ടു. ഇവർ പുറത്തെത്തി നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് വഞ്ചിയൂരിലുളള ഇവരുടെ ബന്ധു ബിന്ദുവിനെയും തുടർന്ന് കോവളം പൊലീസിലും വിവരമറിയിക്കുകയായിരുന്നു.
കോവളം എസ്എച്ച്ഒ സജീവ് ചെറിയാൻ, എസ്ഐമാരായ സുരഷ് കുമാർ എന്നിവരുൾപ്പെട്ട പൊലീസ് സംഘം സ്ഥലെത്തി കിടപ്പുമുറികളിൽ കണ്ട മൃതദേഹങ്ങൾ പരിശോധിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലതെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്‌റ്റിനുശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ കോവളം പൊലീസ് കേസെടുത്തു. ചിത്രകലാ രംഗത്തും അഭിനയ നാടക സംഘത്തിലും പ്രവർത്തിച്ചിരുന്ന് വ്യക്തിയാണ് സാബു ലാലെന്ന് ബന്ധുക്കൾ പറഞ്ഞു. സാബുലാൽ ഇന്‍റീരിയർ ഡിസൈനറായിരുന്നു എന്ന് അദ്ദേഹത്തിന്‍റെ ജ്യേഷ്‌ഠൻ ബി കെ സാജൻ പറഞ്ഞു.
ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821
Also Read: കാസർകോട് രണ്ടിടങ്ങളിലായി രണ്ട് പേര്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്