കോഴിക്കോട്: സർക്കാർ വിലക്ക് മറികടന്ന് ചെറുമത്സ്യങ്ങളെ പിടിക്കുന്നത് വ്യാപകമാകുന്നു. ഇങ്ങനെ പിടിക്കുന്ന മത്തി, അയല, ചെമ്പാൻ അയല, മുള്ളൻ, മാന്തൾ, ചൂട, തുടങ്ങിയവ ജില്ലയിലെ മത്സ്യമാർക്കറ്റുകളിൽ ഇപ്പോഴും സുലഭമാണ്. മത്സ്യസമ്പത്തിന് ആഘാതമാകുമെന്ന കാരണത്താലാണ് ചെറുമത്സ്യബന്ധനം വിലക്കിയത്. എന്നാൽ ഇപ്പോഴും ഇത് നിർബാധം തുടരുകയാണ്.
മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും പോഷകമൂല്യമുള്ള മത്സ്യങ്ങളുടെ വംശവർധനയും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനമാർഗവും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ചെറുമത്സ്യങ്ങളെ പിടിക്കുന്നതിൽ സർക്കാർ വിലക്കേർപ്പെടുത്തിയത്. നിരോധിത വലകൾ ഉപയോഗിച്ചാണ് ചെറുമത്സ്യങ്ങളെ പിടിക്കുക. ഇപ്രകാരം ചെയ്യുന്നത് പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് ഭീഷണിയുമാണ്.
സംസ്ഥാന കടൽമത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം 58 ഇനം വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങളെ പിടിക്കുന്നതിൽ വലുപ്പ നിയന്ത്രണമുണ്ട്. മത്തി 10 സെന്‍റി മീറ്റർ, മാന്തൾ 9, പൂവാലൻ 6, അയല 14, പുയ്യാപ്ള കോര 12, കരിക്കാടി ചെമ്മീൻ 7, ചൂര 31. ഈ വിധത്തിൽ നിശ്ചിത വലുപ്പമെത്താത്ത മത്സ്യങ്ങളെ പിടികൂടാൻ പാടില്ലാത്തതാണ്. അതിന് അനുസരിച്ചുള്ള വല ഉപയോഗിക്കണം എന്നതും കർശനമാക്കിയതാണ്.
തെക്കൻ ജില്ലകളിലെ മത്സ്യത്തൊഴിലാളികൾ ഇരട്ടവല മീൻപിടിത്തം നിർത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി മീൻപിടിത്ത തുറമുഖങ്ങൾ കേന്ദ്രീകരിച്ചാണ് ഇരട്ടവല മീൻപിടിത്തം വ്യാപകമായി നടക്കുന്നത്. അനധികൃത മത്സ്യബന്ധനത്തിലൂടെ കോടികളുടെ മത്സ്യസമ്പത്താണ് നശിക്കുന്നത്.
ഭക്ഷ്യയോഗ്യമല്ലാത്ത കടൽജീവികളും പലപ്പോഴും മത്സ്യങ്ങളുടെ കൂടെ എത്തുമ്പോൾ അവ കാലിത്തീറ്റ കമ്പനികളിലേക്കാണ് അയക്കുന്നത്. ഇതുവഴി വൻ ലാഭം കൊയ്യാൻ കഴിയും. ഫിഷറീസ് വകുപ്പിന്‍റെ നിർദേശം മത്സ്യത്തൊഴിലാളികൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടത് മറൈൻ എൻഫോഴ്‌സ്‌മെന്‍റ് അധികൃതരും തീരദേശ പൊലീസുമാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിയമം ലംഘിച്ച് പിടിച്ച 1000 കിലോഗ്രാം ചെറുമത്സ്യമാണ് ബേപ്പൂരിൽ നിന്ന് കഴിഞ്ഞ ദിവസം ഫിഷറീസ് വകുപ്പ് പിടികൂടിയത്. ചെമ്പാൻ അയലയും മത്തിയുമാണ് ബോട്ടുകള്‍ എത്തിയത്. നിയമം ലംഘിച്ച് ചെറുമീനുകളെ പിടിച്ച ബേപ്പൂരില്‍ നിന്നുള്ള 'മഹിദ', ചോമ്പാലയില്‍ നിന്നുള്ള 'അസര്‍' എന്നീ ബോട്ടുകളാണ് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റും വടകര തീരദേശ പൊലീസും ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്.
മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച് മീന്‍പിടിക്കുന്ന ബോട്ടുകളും എന്‍ജിനും ഉള്‍പ്പെടെ കസ്റ്റഡിയിലെടുക്കുന്നത് തുടരുമെന്ന് ഫിഷറീസ് അസി. ഡയറക്‌ടര്‍ സുനീര്‍ പറഞ്ഞു. ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തുറമുഖങ്ങളിൽ പരിശോധന നടത്തുന്നത്.
Also Read: ട്രോളിങ് നിരോധനം കഴിഞ്ഞപ്പോള്‍ ചെമ്മീൻ ചാകര, എന്നിട്ടും തീരമേഖലയില്‍ ആശങ്കയൊഴിയുന്നില്ല