തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനെ ബസ് സ്‌റ്റാന്‍റുമായി ബന്ധിപ്പിക്കുന്ന ആകാശപാത വരുന്നു. തിരുവനന്തപുരം നഗരസഭാ ബജറ്റിലാണ് ആകാശപാതയ്ക്കായി 50 ലക്ഷം രൂപ വകയിരുത്തിയത്. യാത്രകാര്‍ക്കാരെ റെയില്‍വേ സ്‌റ്റേഷനെ ബസ് സ്‌റ്റാന്‍റുമായി ബന്ധിപ്പിക്കുന്ന ഫുട്ട് ഓവര്‍ ബ്രിഡ്‌ജ് ഈ വര്‍ഷം തന്നെ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത് (Thampanoor railway station skywalk project will coming soon).
പ്രദേശത്തെ ട്രാഫിക് ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. 15 വര്‍ഷത്തിലേറെയായി വെളിച്ചം കാണാത്ത മേയേഴ്‌സ് ഭവന് വേണ്ടി ഇത്തവണയും ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന മേയര്‍മാരുടെ താമസ സൗകര്യത്തിനായി ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം മേയറായിരുന്ന കാലത്ത് രൂപം നൽകിയ പദ്ധതി ഇതുവരെ നടപ്പിലായിട്ടില്ല.
കെട്ടിടത്തിനായി ഇതുവരെ സ്ഥലം കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല. 5 വര്‍ഷത്തോളമായി പൂട്ടി കിടക്കുന്ന കുന്നുകുഴിയിലെ ആധുനിക അറവുശാലക്ക് 5 കോടി രൂപയും ഇത്തവണയും അനുവദിച്ചിട്ടുണ്ട്. പണി ഇഴയുന്ന അറവുശാല സജ്ജമാകാന്‍ ഇനി ഉത്തര്‍പ്രദേശില്‍ നിന്നും ചില ഉപകരണങ്ങള്‍ കൂടി എത്താനുണ്ട്.
വെള്ളായണി കായലില്‍ നിന്നും വെള്ളം ശുദ്ധീകരിച്ച് നഗരത്തില്‍ എത്തിക്കാന്‍ 2 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഗാര്‍ഹിക ഉപയോഗത്തിന് പൈപ്പുകളിലൂടെ വെള്ളം വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിന്‍റെ പൈതൃക ചരിത്രത്തിന്‍റെ ഭാഗമായി ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി ആത്മീയ ടൂറിസം പാതക്കായി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.