കമ്പംമെട്ട് : കമ്പംമെട്ട് ചേറ്റുകുഴിയിൽ കെ എസ് ആർ ടി സി ബസും തീർഥാടകർ സഞ്ചരിച്ച കാറും കൂട്ടിയിടിച്ച് ആറു വയസുകാരി മരിച്ചു. ചേറ്റുകുഴി ബദനി സ്‌കൂളിലെ എൽകെജി വിദ്യാർഥിനിയായ ആമിയാണ് മരിച്ചത്. വാഹനത്തിൽ സഞ്ചരിച്ചിരുന്ന ആറു പേർക്ക് പരിക്കേറ്റു. അച്ചക്കട കാട്ടേടത്ത് ജോസഫ് വർക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബസി ലേക്ക് ഇടിച്ചു കയറിയത്. മലയാറ്റൂർ തീർഥടനത്തിന് പോയി മടങ്ങിവേയാണ് അപകടം.
വീട്ടിലേക്ക് എത്താൻ മൂന്നു കിലോമീറ്റർ മാത്രം ശേഷിക്കുകയായിരുന്നു അപകടം നടന്നത്. ജോസഫ് വർക്കിയുടെ മകൻ എബിയുടെ കുട്ടിയാണ് മരിച്ച ആമി. എബിയുടെ ഭാര്യ അമലു, അമ്മ മോളി എന്നിവർ ഗുരുതരാവസ്ഥയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേ സമയം വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കരിങ്കല്ലുമായി പോയ ലോറിയിൽ നിന്ന് കല്ല് തെറിച്ച് വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ കുടുംബത്തിന് സഹായ വാഗ്‌ദാനവുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തി. അനന്തുവിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ട പരിഹാരമായി നല്‍കുമെന്ന് അദാനി കമ്പനി പ്രതിനിധികള്‍ അറിയിച്ചത്.
അനന്തുവിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിട്ട് കണ്ടാണ് നഷ്‌ട പരിഹാരം നല്‍കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലും കുടുംബത്തിന് അദാനി കമ്പനി നഷ്‌ട പരിഹാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്.
സമാനമായി ടിപ്പര്‍ ലോറിയില്‍ നിന്നും പാറക്കല്ല് വീണ് കാല്‍ നഷ്‌ടപ്പെട്ട അധ്യാപിക സന്ധ്യാറാണിക്കും നഷ്‌ട പരിഹാരം നല്‍കുമെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചിട്ടണ്ട്.