തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥിന്‍റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയോഗിച്ച മുൻ ജസ്‌റ്റിസ് വി ഹരിപ്രസാദ് റിപ്പോർട്ട് സമർപ്പിച്ചു. രാവിലെ 10 മണിയോടെ രാജ്‌ഭവനിലെത്തിയാണ് മുൻ ഹൈക്കോടതി ജഡ്‌ജിയായ വി ഹരിപ്രസാദ് ഗവർണർക്ക് റിപ്പോർട്ട് കൈമാറിയത്.
സിദ്ധാർത്ഥിന്‍റെ മരണത്തിനിടയാക്കിയ സംഭവത്തിൽ വെറ്റിനറി സർവകലാശാലയിലെ വൈസ് ചാൻസലർ, ഡീൻ എന്നിവരുൾപ്പെടെയുള്ളവരുടെ വീഴ്‌ചകളെ കുറിച്ച് അന്വേഷിക്കുന്നതിനാണ് ഹരിപ്രസാദിനെ കമ്മീഷനായി നിയോഗിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്നത്തെ വെറ്റിനറി വൈസ് ചാൻസലർ ആയിരുന്ന ശശീന്ദ്രനാഥ്, ഡീൻ ഡോ എൻകെ നാരായണൻ എന്നിവരുൾപ്പെടെയുള്ളവർക്ക് ഉണ്ടായ വീഴ്‌ചയാണ് അതിക്രൂരമായ റാഗിങ്ങിലൂടെ സർവകലാശാലയിലെ വിവിഎസ്‌സി വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം, നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥിന്‍റെ മരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചത്.
അന്നത്തെ വൈസ് ചാൻസലർ, ഡീൻ, സർവകലാശാലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ഹോസ്‌റ്റൽ ജീവനക്കാർ, സിദ്ധാർത്ഥിന്‍റെ മാതാപിതാക്കൾ, ഹോസ്‌റ്റലിലെ അന്തേവാസികൾ എന്നിവർ ഉൾപ്പെടെയുള്ളവരിൽ നിന്നുള്ള മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കി ഗവർണർക്ക് കൈമാറിയത്. റിപ്പോർട്ടിന്‍റെ ഉള്ളടക്കം രാജ്ഭവൻ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
Also Read: ഇത്തരം ക്രൂരത എവിടെ നടന്നാലും ശക്തമായ നടപടികൾ നേരിടേണ്ടി വരും; സിദ്ധാർഥിന്‍റെ മരണത്തിൽ മുഖ്യമന്ത്രി