തിരുവനന്തപുരം: കെഎസ്‌യു മാർച്ചിൽ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മറ്റി നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പിന്നാലെ പൊലീസ് 2 തവണ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
ജലപീരങ്കി പ്രയോഗത്തിൽ ഒരു പ്രവർത്തകന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്നും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ കൂടുതൽ പ്രകോപനം സൃഷ്‌ടിച്ചു. പിന്നാലെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.
സംഘർഷം ആരംഭിച്ചതോടെ തൊട്ടടുത്ത് നിരാഹാര സമരപ്പന്തലിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്.
വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. മുൻ നിശ്ചയിച്ച പരീക്ഷകളെ വിദ്യാഭ്യാസ ബന്ദ് ബാധിക്കില്ലെന്ന് കെഎസ്‌യു സംസ്ഥാന കമ്മിറ്റി അറിയിച്ചിരുന്നു.
മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതിന് പിന്നാലെ നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സിദ്ധാര്‍ത്ഥിന്‍റെ ദുരൂഹ മരണം സര്‍ക്കാര്‍ വിരുദ്ധ വികാരത്തിന്‍റെ ഭാഗമാക്കാനുള്ള നീക്കങ്ങള്‍ പ്രതിപക്ഷം സജീവമാക്കുന്നതിനിടെയാണ് കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്. പരീക്ഷാക്കാലത്ത് കെഎസ്‌യു വിദ്യാര്‍ഥികളോട് ചെയ്യുന്ന ദ്രോഹമാണ് ബന്ദ് എന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം.