എറണാകുളം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യ ഹർജികൾ ഹൈക്കോടതി വിശദവാദത്തിനു ശേഷം വിധി പറയാനായി മാറ്റി. കേസ് ഡയറി ഹാജരാക്കാൻ സിബിഐയ്ക്ക് ജസ്‌റ്റിസ് സി എസ് ഡയസിൻ്റെ ബെഞ്ച് നിർദ്ദേശം നൽകി.
സിദ്ധാർത്ഥൻ്റെ അമ്മയെ ഹൈക്കോടതി നേരത്തെ ജാമ്യ ഹർജിയിൽ കക്ഷി ചേർത്തിരുന്നു. സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ നിന്ന് പ്രതികളുടെ പങ്ക് വ്യക്‌തമാണെന്നതിനാൽ പ്രതികളുടെ ജാമ്യാപേക്ഷകൾ തള്ളണമെന്നായിരുന്നു സിദ്ധാർത്ഥൻ്റെ അമ്മയുടെ ആവശ്യം.
പ്രതികൾക്ക് ജാമ്യം ലഭിക്കരുതെന്നാണ് കുടുംബത്തിൻ്റെ ആഗ്രഹമെന്ന് ഹൈക്കോടതിയിൽ വാദം കേൾക്കാനെത്തിയ സിദ്ധാർത്ഥൻ്റെ അച്‌ഛൻ പ്രതികരിച്ചു. സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ ആക്രമണമാണെന്നും, പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും വാദത്തിനിടെ സി ബി ഐ കോടതിയെ അറിയിച്ചു.
അതേ സമയം ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നും, 60 ദിവസമായി ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരുകയാണെന്നും ജാമ്യം നൽകണമെന്നുമാണ് പ്രതികളുടെ വാദം.
ഇക്കഴിഞ്ഞ ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ സർവകലാശാല ഹോസ്‌റ്റലിലെ ശുചി മുറിയിൽ മരിച്ച നlലയിൽ കണ്ടെത്തിയത്.എസ്.എഫ്.ഐ പ്രവർത്തകരായ പ്രതികളുടെ ക്രൂര മർദ്ദനത്തെത്തുടർന്നായിരുന്നു മരണം.
Also Read : കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ ക്രിമിനൽ കേസുകളില്ല; മുൻകൂര്‍ ജാമ്യാപേക്ഷയിൽ പൊലീസിന്‍റെ റിപ്പോര്‍ട്ട്