വയനാട് : പൂക്കോട് വെറ്ററിനറി കോളജ് ക്യാമ്പസിലേക്ക് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. ഡിസിസിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. പൊലീസിനെ മറികടന്നുകൊണ്ട് പ്രവർത്തകർ ക്യാമ്പസിലേക്ക് കടക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ പൊലീസുമായി പ്രവർത്തകർ ചെറിയ രീതിയിൽ സംഘര്‍ഷത്തിലേർപ്പെട്ടു.
രമേശ് ചെന്നിത്തല, ടി സിദ്ദിഖ് എംഎൽഎ, കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു.
ഫെബ്രുവരി 18 നാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബിവിഎസ്‌സി ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിനെ (21) ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തില്‍ മുഴുവന്‍ മർദനമേറ്റ പാടുകൾ ഉണ്ടെന്നും പരിക്കുകൾക്ക് മൂന്ന് ദിവസം വരെ പഴക്കമുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
അതേസമയം വെറ്ററിനറി സർവകലാശാലയുടെ വൈസ് ചാൻസലറെ ഗവർണർ സസ്പെൻഡ് ചെയ്‌തു. വെറ്ററിനറി സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ എം ആർ ശശീന്ദ്രനാഥിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. വിഷയത്തിൽ സർവകലാശാല ഹൈക്കോടതിയിൽ കേസ് കൊടുത്തതിന് ശേഷം അന്വേഷണം നടത്തുമെന്നും ഗവർണർ പറഞ്ഞു. സർവകലാശാലയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത വീഴ്‌ചയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.