കോഴിക്കോട്: ഗുജറാത്തിൽ റിപ്പോർട്ട് ചെയ്‌ത 'ചാന്ദിപുര' വൈറസ് മലയാളികളെ ഭീതിയിലാഴ്‌ത്തിയ 'നിപ' വൈറസിനോട് സാദൃശ്യമുള്ളതെന്ന് ഡോ അനൂപ് എ എസ്. എന്നാൽ ചാന്ദിപുര വൈറസ് കുട്ടികളെയാണ് കൂടുതലായും ബാധിക്കുന്നതെന്ന് 'നിപ' വൈറസ് ബാധ കോഴിക്കോട് ആദ്യമായി സ്ഥിരീകരിച്ച ഡോക്‌ടർ പറയുന്നു. ഒരു പ്രദേശത്തുള്ള ഒരു കൂട്ടം (cluster) ആളുകളിലാണ് ചാന്ദിപുരയും പിടിപെടുന്നത്.
മരണ കാരണമായേക്കാവുന്ന അതിമാരക വൈറസ് ആണ് ചാന്ദിപുര വൈറസ്. വെസികുലോവൈറസ് ജനുസിലെ ഒരു തരം ആർബോ വൈറസാണ് (Chandipura vesiculovirus CHPV) ചന്ദിപുര വൈറസ്. 1965-ൽ മഹാരാഷ്ട്രയിലെ ചാന്ദിപുര ഗ്രാമത്തിലാണ് ഈ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്.
പ്രധാനമായും മണൽ ഈച്ചയുടെ കടി ഏൽക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കടുത്ത പനി, വയറുവേദന, ഛർദ്ദി എന്നിവയാണ് ചാന്ദിപുര വൈറസിൻ്റെ ലക്ഷണങ്ങൾ. CHPV അണുബാധയേറ്റൽ പനി, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് പ്രകടമാകുക.
ഇത് പിന്നീട് അപസ്‌മാരമായി മാറും. നിരവധി ഇനം മണലീച്ചകളും, ഈഡിസ് ഈജിപ്റ്റി പോലുള്ള ചില കൊതുക് ഇനങ്ങളും CHPV വൈറസ് വാഹകരായി കണക്കാക്കപ്പെടുന്നു. ഈ പ്രാണികളുടെ ഉമിനീർ ഗ്രന്ഥിയിലാണ് വൈറസ് വസിക്കുന്നത്. ഇത് മനുഷ്യരിലേക്കോ വളർത്ത് മൃഗങ്ങളിലേക്കോ പകരാം. വൈറസ് മൂലമുണ്ടാകുന്ന അണുബാധ പിന്നീട് കേന്ദ്ര നാഡീ വ്യൂഹത്തിൽ എത്തുന്നതോടെ രോഗം വഷളാകും.
പരിസര ശുചിത്വം പാലിക്കുകയെന്നതാണ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന മാർഗം. വൃത്തിഹീനമായ ചുറ്റുപാടുകൾ വൈറസ് വാഹകരായ ജീവികളുടെ വളർച്ചയ്ക്കും വൈറസ് ബാധ വർധിക്കുന്നതിനും കാരണമാകും. ചാന്ദിപ്പുര വൈറസ് കൂടുതലായും ബാധിക്കുന്നത് മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്ന പ്രദേശങ്ങളിലാണ്.
അതിനാൽ, പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക. കുട്ടികളെ മാലിന്യം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ നിന്ന് അകറ്റി നിർത്തുക എന്നിവയാണ് പ്രധാനമായും ചെയ്യേണ്ടത്. ഇന്ത്യയിൽ 2003-04 കാലഘട്ടത്തിൽ മഹാരാഷ്ട്ര, വടക്കൻ ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ രോഗം പൊട്ടിപ്പുറപ്പെട്ടിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി 300-ല്‍ അധികം കുട്ടികളാണ് ചാന്ദിപുര വൈറസ് പിടിപെട്ട് മരിച്ചത്.