മലപ്പുറം: വെട്ടിച്ചിറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണ പരമ്പര. അഞ്ച് കടകളിലും ഓഫീസിലും മോഷണം നടന്നു. രണ്ടുലക്ഷം രൂപയോളം പണമായും ഇലക്ട്രോണിക് ഉപകരണങ്ങളും സിസിടിവി ക്യാമറയുടെ ഡിവിആറും മോഷ്‌ടിക്കപ്പെട്ടു. മോഷ്‌ടാവിന്‍റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ദേശീയപാത വെട്ടിച്ചിറയില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെ രണ്ടു മണിക്കും നാലു മണിക്കും ഇടയിലാണ് ഒരേസമയം മോഷണ പരമ്പര അരങ്ങേറിയത്. വെട്ടിച്ചിറ ടൗണിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളിലും അനാഥാലയ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഓഫീസിലും മോഷ്‌ടാവ് കയറി കവര്‍ച്ച നടത്തി. ടൗണിലെ ഫര്‍ണിച്ചര്‍ ഷോറൂം, പെയിന്‍റ് കട, ഇലക്ട്രിക് ഷോപ്പ്, ബേക്കറി എന്നിവിടങ്ങളിലാണ് മോഷ്‌ടാവ് എത്തിയത്. ഇവിടങ്ങളില്‍ നിന്നായി ആകെ രണ്ടു ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്‌ടിക്കപ്പെട്ടു.
കടകളിലെ സിസിടിവി കാമറയില്‍ തന്‍റെ ദൃശ്യം പതിഞ്ഞിരിക്കും എന്ന് അറിയാവുന്ന മോഷ്‌ടാവ് ദൃശ്യം ലഭിക്കാതിരിക്കാന്‍ സിസിടിവി ക്യാമറയുടെ ഡിവിആറും അടിച്ചുമാറ്റിയാണ് സ്ഥലം വിട്ടത്. എന്നാല്‍ മോഷ്‌ടാവ് കയറാത്ത മറ്റൊരു കടയിലെ പുറത്തെ സിസിടിവി ക്യാമറയില്‍ മോഷ്‌ടാവിന്‍റെ ഏതാനും ദൃശ്യം പതിഞ്ഞിട്ടുണ്ട്. മുണ്ടും ഷര്‍ട്ടും ധരിച്ച് മുഖം മറച്ചെത്തിയ മോഷ്‌ടാവ് കയ്യില്‍ ടോര്‍ച്ചുമായി കറങ്ങി നടക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ഒരു സ്ഥാപനത്തില്‍ നിന്ന് പണം കിട്ടാതായതോടെ ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന ലാപ്‌ടോപ്പ് മോഷ്‌ടിച്ചു. മറ്റൊരിടത്ത് വഴിയില്‍ കിടന്ന് കളഞ്ഞുകിട്ടി ഉടമസ്ഥനെ കാത്ത് കടയില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്‌ടപ്പെട്ടു. കാടാമ്പുഴ പൊലീസില്‍ വ്യാപാരികള്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.