എറണാകുളം : ലണ്ടനിൽ വെടിയേറ്റ കൊച്ചി സ്വദേശിയായ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം മാതാപിതാക്കൾക്ക് ഒപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന പത്തുവയസുകാരിക്കാണ് വെടിയേറ്റത്. ബൈക്കിലെത്തിയ അജ്ഞാതനാണ് ആക്രമണം നടത്തിയത്.
മറ്റ് മൂന്ന് പേർക്കും വെടിയേറ്റിരുന്നു. തലക്ക് വെടിയേറ്റ കുട്ടി വെന്‍റിലേറ്ററിൽ തുടരുകയാണ്. അടിയന്തരമായി ശസ്ത്രിക്രിയ നടത്തിയെങ്കിലും തലയിൽ തുളച്ചുകയറിയ വെടിയുണ്ട നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പറവൂർ ഗോതുരുത്ത് സ്വദേശികളായ അജീഷ്, വിനയ ദമ്പതികളുടെ മകൾ ലിസേൽ മരിയയാണ് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്നത്.
![LONDON SHOOTING ATTACK LONDON SHOOTING NEWS ERNAKULAM NEWS ലണ്ടനില്‍ ഹോട്ടലില്‍ വെടിവയ്‌പ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/31-05-2024/21600670_london-shooting.jpg)
ഡൽസ്‌റ്റണിലെ കിങ്‌സ്‌ലൻഡ് ഹൈസ്ട്രീറ്റിലെ റസ്‌റ്റോറന്‍റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആണ് കുട്ടിക്ക് വെടിയേറ്റത്. ബുധനാഴ്‌ച രാത്രി പ്രാദേശിക സമയം ഒമ്പതരയോടെയായിരുന്നു സംഭവം. ആക്രമണം നടത്തിയ അജ്ഞാതന് വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.
അജീഷും കുടുംബവും ജൂലൈ 31 ന് നാട്ടിലേക്ക് വരാനിരിക്കെയാണ് മകൾ ആക്രമണത്തിനിരയായത്. ആക്രമണ വിവരം പുറത്ത് വന്നതോടെ കൊച്ചിയിലെ കുടുംബാംഗങ്ങൾ വലിയ ആശങ്കയിലാണ്. പത്തു വയസുകാരിയുടെ ജീവനുവേണ്ടിള്ള പ്രാർഥനയിണ് കുടുംബം. കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ശുഭ വാര്‍ത്തയ്‌ക്കായി കാത്തിരിക്കുകയാണ് നാട്.