വയനാട്: അപ്രതീക്ഷിത ഉരുള്‍പൊട്ടല്‍ ചൂരല്‍മലയെയും മുണ്ടക്കൈയിനെയും അപ്പാടെ തകര്‍ത്തു. നൂറുകണക്കിന് വീടുകള്‍, പാടികള്‍, സ്‌കൂള്‍ എന്നിവയെല്ലാം കുത്തൊഴുക്കില്‍പ്പെട്ട് ഇല്ലാതായി. രാത്രിയിലെ ഇരുട്ടില്‍ എന്തൊക്കെയോ സംഭവിച്ചുവെന്നറിഞ്ഞെങ്കിലും പുലര്‍ച്ചെ വെളിച്ചം പരക്കുമ്പോഴാണ് ചൂരല്‍മലയെന്ന ഗ്രാമം ഒട്ടുമില്ലെന്ന് എല്ലാവരും തിരിച്ചറിയുന്നത്.
ഉരുള്‍ തകര്‍ത്ത ഈ ദുരന്ത ഭൂമിയിലെ ഓര്‍മകള്‍ക്കൊപ്പം ഇല്ലാതായിരിക്കുകയാണ് നിരവധി ഭക്തര്‍ ഒഴുകിയെത്തിയിരുന്ന ശിവ ക്ഷേത്രവും. അവശേഷിക്കുന്ന ക്ഷേത്രാവശിഷ്‌ടങ്ങളുടെ കാഴ്‌ച ഏതൊരു ചൂരല്‍മലക്കാരന്‍റെയും ഉള്ളുലയ്‌ക്കും. പച്ച പിടിച്ച മലഞ്ചൊരുവില്‍ പുഴയ്‌ക്ക് അരികിലുണ്ടായിരുന്ന ക്ഷേത്രം കാണാന്‍ അതിമനോഹരമായിരുന്നു. ഈ ക്ഷേത്രത്തിലെ ഉത്സവമാകട്ടെ മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും മുഴുവന്‍ ജനവിഭാഗത്തിന്‍റേതുമായിരുന്നു.
മുസ്‌ലീം, ക്രിസ്‌ത്യന്‍ മതവിഭാഗങ്ങള്‍ അടക്കം ഒഴുകിയെത്തിയിരുന്നതാണ് ശിവ ക്ഷേത്രത്തിലെ ഉത്സവം. അതുകൊണ്ട് തന്നെ ക്ഷേത്രം ഏവര്‍ക്കും പ്രിയമായിരുന്നു. മാത്രമല്ല മനോഹരമായിരുന്ന ക്ഷേത്രം കാണാന്‍ നിരവധി വിനോദ സഞ്ചാരികളും എത്തിയിരുന്നു.
പൊടുന്നനെ ഇടിച്ചിറങ്ങിയ മണ്ണും മലയും ക്ഷേത്രത്തെ അപ്പാടെ തകര്‍ത്തു. ദുരന്തത്തിന്‍റെ ബാക്കി പത്രമെന്നോണം ഇപ്പോഴുള്ളത് ക്ഷേത്രത്തിന്‍റെ തറയും മുറ്റത്തുണ്ടായിരുന്ന ആല്‍മരവും മാത്രമാണ്. മണ്ഡല കാല ഓര്‍മകളായി അയ്യപ്പന്മാര്‍ ധരിച്ച മാലയും ആല്‍മരത്തില്‍ അവശേഷിക്കുന്നുണ്ട്. ദുരന്തത്തെ അതിജീവിച്ചെങ്കിലും ആല്‍മരത്തിന്‍റെ പകുതിയോളവും മണ്ണും ചെളിയും അടിഞ്ഞിരുന്നു.
ക്ഷേത്രത്തെ മാത്രമല്ല അതിലെ പൂജാരിയുടെ ജീവനും ഉരുള്‍ കവര്‍ന്നു. തമിഴ്‌നാട് സ്വദേശിയായ കല്യാണ്‍ കുമാറാണ് ദുരന്തത്തിനിരയായ പൂജാരി. കഴിഞ്ഞ 10 വര്‍ഷമായി ക്ഷേത്രത്തോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ താമസം. ദുരന്ത സാധ്യത കണക്കിലെടുത്ത് പൂജാരിയോട് സുരക്ഷിതയിടത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിന് കൂട്ടാക്കിയിരുന്നില്ല.
ദുരന്തത്തില്‍പ്പെട്ടതിന്‍റെ രണ്ടാം ദിനം അദ്ദേഹത്തിന്‍റെ മൃതദേഹാവശിഷ്‌ടങ്ങള്‍ ദൗത്യം സംഘം കണ്ടെത്തുകയും ചെയ്‌തിരുന്നു. കാലങ്ങളായി ഈ മലഞ്ചെരുവിനെ ഭക്തിസാന്ദ്രമാക്കിയ ക്ഷേത്രത്തിലെ ആല്‍മരവും ദുരന്തത്തെ അതിജീവിച്ച ഏതാനും ചിലരും മാത്രമാണിപ്പോള്‍ ചൂരല്‍മലയുടേതായി ബാക്കിയുള്ളത്.
Also Read: വയനാട്ടിലെ കുട്ടികൾ വീണ്ടും സ്‌കൂളിലേക്ക്; വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കലക്‌ടര്‍