കാസർകോട് : കേരളത്തിന്‍റെ വടക്കേ അതിർത്തിയായ കാസർകോട് നിന്ന് 308 കിലോമീറ്റർ ദൂരമുണ്ട് കർണാടകയിലെ ഷിരൂരിൽ എത്താൻ. ഇവിടെ നിന്നും ദേശീയ പാത 63 വഴി ഹുബ്ലിയിലും ദേശീയ പാത 75 വഴി കാർവാറിലും ഗോവയിലും എത്തിച്ചേരാൻ കഴിയും. ഷിരൂരിൽ നിന്ന് 39 കിലോമീറ്റർ ദൂരത്തിലാണ് കാർവാർ ജില്ലാ ആസ്ഥാനം.
ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകൾ ഉള്ള നാടാണ് ഉത്തര കന്നഡയിലെ പ്രധാന നഗരമായ അങ്കോള. തീരദേശ മലയോരത്ത് വളരുന്ന വനകുറ്റി ചെടിയായ അങ്കോളയിൽ നിന്നാണ് ഈ സ്ഥലത്തിന് പേര് ലഭിച്ചത്. അങ്കോള താലൂക്കിലെ പ്രധാനപ്പെട്ട വില്ലേജുകളിൽ ഒന്നാണ് ദുരന്തം ഉണ്ടായ ഷിരൂർ.
മലകളും കുന്നുകളും പച്ചപ്പും സമീപത്ത് കൂടെ ഒഴുകുന്ന ഗംഗാവലിയുമൊക്കെയാണ് ഷിരൂരിന്‍റെ സൗന്ദര്യം. ചൈനയിലേക്കും യൂറോപ്പിലേക്കും ഇരുമ്പയിര് കയറ്റി അയക്കുന്ന പ്രകൃതിദത്ത തുറമുഖമുള്ള ഈ നാട് വ്യാവസായികമായും വാണിജ്യപരമായും മുന്നിലാണ്.
ദീർഘ ദൂര ലോറികൾ ഓടിച്ചെത്തുന്ന ഡ്രൈവർമാർ വിശ്രമിക്കാൻ നിർത്തിയിടുന്ന സ്ഥലമാണിത്. ഇവിടത്തെ പുഴയിലെ ഒഴുക്കിൽ കുളിച്ചു മലയാളം അറിയുന്ന ചായക്കടക്കാരന്‍റെ കയ്യിൽ നിന്ന് ഭക്ഷണവും കഴിച്ചാണ് ഡ്രൈവർമാർ മടങ്ങുക.
ഇവിടെ ഇതുവരെ ഒരുതരത്തിലുള്ള പ്രകൃതിക്ഷോഭവും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പക്ഷേ ഒരാഴ്‌ച തുടർച്ചയായി പെയ്‌ത പേമാരിയിൽ ഷിരൂർ അക്ഷരാർഥത്തിൽ നടുങ്ങി. ഷിരൂരിലെ വലിയ മല ഒന്നാകെ പൊട്ടി അടർന്ന് റോഡിലേക്ക് പതിച്ചു. ഈ ദുരന്തത്തിൽ മരണം 12 ആവുകയും മലയാളി ഡ്രൈവർ അർജുനും ലോറിയും മണ്ണിനടിയിൽ അകപ്പെടുകയും ചെയ്‌തതോടെ കന്നഡ ഗ്രാമവും മലയാളികളും ഞെട്ടി.
ഷിരൂർ ദേശീയപാതയുടെ അരികിലൂടെ ഒഴുകുന്ന ഗംഗാവലി നദിയിലേക്കാണ് പടുകൂറ്റൻ കുന്ന് ഇടിഞ്ഞ് പതിച്ചത്. 500 മീറ്റർ നീളത്തിലാണ് മല പിളർന്ന് വന്നത്. ഇതിനെത്തുടർന്ന് പുഴ കരകവിഞ്ഞൊഴുകി അവിടമാകെ ചെളിയാവുകയും അക്കരെയുള്ള വീടുകളിൽ വരെ വെള്ളമെത്തുകയും ചെയ്‌തു..
അർജുൻ സുരക്ഷിതമായി ഉണ്ടാകട്ടെ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ സുരക്ഷിതമായി വണ്ടിയിൽ തന്നെ ഉണ്ടാകുമെന്നാണ് ഇപ്പോഴും നാടും കുടുംബവും പ്രതീക്ഷിക്കുന്നത്. ടൺ കണക്കിന് ഭാരമുള്ള കല്ലും മണ്ണും വീണാലും തകരാത്ത സ്ട്രോങ്ങ് ബോഡിയുള്ള ട്രക്കിലാണ് അർജുൻ ഉള്ളത്. വെള്ളവും ഭക്ഷണവും ഓക്‌സിജനും സൂക്ഷിക്കാലുള്ള സൗകര്യവും ട്രക്കിനുള്ളിലുണ്ട്.
ടെസ്‌റ്റുകളെല്ലാം കൃത്യമായി നടത്തുന്ന വാഹനം കൂടിയാണിത്. മാത്രമല്ല ജിപിഎസ് സംവിധാനവും ട്രക്കിലുണ്ട്. കാട്ടിൽ തടി കയറ്റാൻ സ്ഥിരമായി പോകുന്നതിനാൽ എല്ലാം കരുതിയാണ് അർജുൻ പോകാറുള്ളതെന്ന് കുടുംബം പറഞ്ഞു. അതിജീവന സാധ്യത കൂടുതലും സുരക്ഷ സംവിധാനങ്ങൾ ഏറെയുമുള്ളതാണ് ഭാരത് ബെൻസിന്‍റെ ഈ പുതിയ ട്രക്ക്.
എട്ടര ടൺ ഭാരമുള്ള ട്രക്കിൽ 30 ടൺ ഭാരമുള്ള തടിയും ഉണ്ടായിരുന്നതിനാൽ ഒഴുകി പോവുകയോ പുഴയിലേക്ക് മറിയുകയോ ചെയ്യില്ല. ക്യാബിനുള്ളിൽ രണ്ട് പേർക്ക് കിടക്കാൻ വരെ സൗകര്യം ഉണ്ട്. ഒരു തവണ എസി ഓൺ ചെയ്‌താൽ മണിക്കൂറുകൾ അത് കിട്ടും. എന്ത് സംഭവിച്ചാലും മൂന്ന് ദിവസം ട്രക്കിനുള്ളിൽ കഴിയാമെന്നാണ് ഡ്രൈവർമാരും വിദഗ്‌ധരും പറയുന്നത്.
Also Read: കാര്‍വാറിലെ മണ്ണിടിച്ചില്‍: അർജുനെ കണ്ടെത്താനുളള തെരച്ചില്‍ പുനരാരംഭിച്ചു