കണ്ണൂര്‍: ധര്‍മ്മടം കടലോരത്ത് കഴിയുന്ന മത്സ്യ ബന്ധന തൊഴിലാളികളുടെ ദുരിതം എന്ന് തീരുമെന്ന ആശങ്കയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ധര്‍മ്മടം കടലില്‍ കുടുങ്ങിക്കിടക്കുന്ന വിദേശ കപ്പലാണ് ഇവരുടെ അന്നം മുട്ടിക്കുന്നത്. കപ്പല്‍ പൊളിച്ചു നീക്കാനുള്ള ശ്രമം നീളുന്നതോടെ ചെറു മത്സ്യ തൊഴിലാളികള്‍ കടലിൽ ഇറങ്ങാനാകാതെ വലയുകയാണ്.
2019 ആഗസ്‌ത് മാസമാണ് മാലദ്വീപില്‍ നിന്നും എത്തിയ 'ഒയീവാലി' എന്ന കപ്പല്‍ ധര്‍മ്മടത്ത് കടലില്‍ കുടുങ്ങിയത്. അഴീക്കല്‍ സില്‍ക്കിലേക്ക് പൊളിക്കാന്‍ കൊണ്ടുവരവേ കപ്പല്‍ വലിച്ചു കൊണ്ടു വരുന്ന ടഗ്ഗിന്‍റെ വടം പൊട്ടി കടലില്‍ പെടുകയായിരുന്നു.
മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന ഈ വിദേശ കപ്പല്‍, മഴക്കാലത്ത് കൊണ്ടുവന്നത് തന്നെ നിയമ വിരുദ്ധമായിരുന്നു. കപ്പലിനകത്ത് കടല്‍ വെള്ളം കയറി രാസ പദാര്‍ഥങ്ങള്‍ കടലില്‍ ഒഴുകി എന്ന ആരോപണവും നാട്ടുകാര്‍ ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് ജില്ലാ ഭരണ കൂടവും കപ്പല്‍ പൊളിക്കുന്ന സില്‍ക്ക് കമ്പനിയും തമ്മിലുള്ള ധാരണ പ്രകാരം കപ്പലിന്‍റെ പകുതി ഭാഗങ്ങള്‍ പൊളിച്ചു നീക്കിയിരുന്നു. എന്നാല്‍ ശേഷിക്കുന്ന ഭാഗങ്ങള്‍ കടലില്‍ തന്നെ കിടക്കുന്നത് കാരണം പ്രാദേശികമായി മീന്‍ പിടിക്കുന്ന തൊഴിലാളികള്‍ക്ക് ഇതൊരു ദുരിതമായി മാറി.
അറുന്നൂറ് മാറ് നീളവും ഇരുപത് മാറ് വീതിയുമുള്ള, അറുപത് പേര്‍ ചേര്‍ന്ന് വലിക്കുന്ന വല ഉപയോഗിച്ചാണ് ഈ മേഖലയില്‍ തൊഴിലാളികള്‍ മീന്‍ പിടിക്കുന്നത്. ആഗസ്‌ത് സെപ്‌റ്റംബര്‍ മാസമാണ് ഇവര്‍ തൊഴിലിലേര്‍പ്പെടുന്നത്. പതിവായി ചെറിയ വലകളുപയോഗിച്ച് മീന്‍ പിടിക്കുന്നവര്‍ വേറെയുമുണ്ട്.
ഇവരെയെല്ലാം പട്ടിണിക്കിട്ടാണ് വിദേശ കപ്പല്‍ കടലില്‍ കിടക്കുന്നത്. കപ്പല്‍ കിടന്നയിടത്ത് നിന്ന് 60-70 മീറ്റര്‍ ദൂരത്തിലാണ് അഴിമുഖം. ഇവിടെ ഈ മേഖലയില്‍ ഓരോ കാലാവസ്ഥയിലും പ്രത്യേക മീനുകള്‍ വന്ന് നിറയും. കപ്പലിന്‍റെ ശേഷിക്കുന്ന ഭാഗമുളളതിനാല്‍ സുരക്ഷിതമായി വലയിടാനോ തൊഴില്‍ ചെയ്യാനോ ആവുന്നില്ല. വലയ്ക്ക് നാശവും സംഭവിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്ന് കരാര്‍ കമ്പനികള്‍ കപ്പല്‍ പൊളിക്കാന്‍ ശ്രമിച്ചിട്ടും നടപ്പാകാതെ തിരിച്ച് പോവുകയായിരുന്നു. മുംബൈയിലെ ബുറാനി എന്ന കമ്പനിയാണ് ഇപ്പോള്‍ കപ്പല്‍ പൊളിച്ചു നീക്കാന്‍ ശ്രമിക്കുന്നത്. കപ്പല്‍ പൊളിക്കാനുള്ള ക്രെയിനും മറ്റ് ഉപകരണങ്ങളും കടലോരത്ത് എത്തിക്കാന്‍ കഴിയാത്തതിനാല്‍ ആദ്യ കമ്പനിയുടെ ശ്രമം മുടങ്ങി.
രണ്ടാമത് വന്നവര്‍ കാലാവസ്ഥ വ്യതിയാനത്താല്‍ ഒഴിഞ്ഞു പോയി. കടലോരത്ത് പ്രത്യേക വഴിയുണ്ടാക്കുകയും ഉപകരണങ്ങള്‍ എത്തിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ കനത്ത മഴയില്‍ യന്ത്രങ്ങള്‍ പണിമുടക്കുകയും കടലില്‍ വെള്ളം ഉയരുകയും ചെയ്‌തതോടെ അവരും പണി മതിയാക്കി.
മുംബൈ കമ്പനി കപ്പലിന്‍റെ ശേഷിക്കുന്ന ഭാഗങ്ങള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മത്സ്യബന്ധനം നടത്തി ഉപജീവനം നയിക്കുന്ന മത്സ്യ തൊഴിലാളികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
Also Read: കടലും പുഴയും ഒന്നിക്കുന്നയിടം; കടലമ്മ കനിഞ്ഞ പച്ചത്തുരുത്ത്, സുന്ദരിയായി ധര്‍മടം ബീച്ച്