മലപ്പുറം: ജില്ലയിലെ കോഴിപ്പുറത്ത് നാല് വിദ്യാർഥികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. വെണ്ണായൂർ എഎംഎൽപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്‌കൂളില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയ 127 വിദ്യാർഥികള്‍ക്ക് പനിയും തലവേദനയും തുടർന്ന സാഹചര്യത്തലാണ് പരിശോധന നടത്തിയത്.
കുട്ടികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രണ്ടാഴ്‌ച മുമ്പാണ് കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റത്. മറ്റ് കുട്ടികള്‍ക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഷിഗല്ല സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഭക്ഷ്യ വസ്‌തുക്കളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ആര്‍ രേണുക അറിയിച്ചു.
അതിനിടെ മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടരുകയാണ്. അത്താണിക്കലിൽ മാത്രം 284 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തിൽ 503 പേർ ചികിത്സ തേടിയതായാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. ചേലേമ്പ്രയിൽ 15 വയസുകാരി രോഗം ബാധിച്ച് ഞായറാഴ്‌ച മരിച്ചിരുന്നു. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് സ്‌കൂളുകൾക്ക് ജാഗ്രത നിർദേശം നൽകി.
എന്താണ് ഷിഗല്ല ബാക്‌ടീരിയ?
ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്‌ടീരിയ മൂലമാണ് ഷിഗല്ല രോഗം പിടിപെടുക. ഷിഗല്ല വിഭാഗത്തിലെ ബാക്‌ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ്. പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതാണ് ഈ രോഗം.
വയറിളക്കമാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണം. രോഗം ഗുരുതരമാകുമ്പോള്‍ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും. നിര്‍ജ്ജലീകരണമാണ് ഈ രോഗത്തെ മാരകമാക്കുന്നത്. നിര്‍ജ്ജലീകരണം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍ ഗുരുതരാവസ്ഥയും മരണവും ഉണ്ടാകാം.
അഞ്ചുവയസിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കാന്‍ സാധ്യത കൂടുതല്‍. ഓക്കാനം, ഛര്‍ദി, വയറു വേദന, പൂര്‍ണമായും വയര്‍ ഒഴിഞ്ഞു പോവാത്ത പോലെയുള്ള തോന്നല്‍ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. മലിനമാക്കപ്പെട്ട ഭക്ഷണങ്ങള്‍ (പാല്‍, മുട്ട, മത്സ്യ-മാംസങ്ങള്‍) തുടങ്ങിയവയില്‍ നിന്ന് ഷിഗല്ല ബാധയുണ്ടാകാം. ശീതികരിച്ചു സൂക്ഷിക്കുന്ന ഇത്തരം ഭക്ഷ്യവസ്‌തുക്കളില്‍ ഷിഗല്ല ബാക്‌ടീരിയ കൂടുതല്‍ കാലം ജീവിക്കാന്‍ സാധ്യതയുണ്ട്.
സാധാരണ വയറിളക്ക രോഗങ്ങളെപ്പോലെ രോഗബാധിതന്‍റെ വിസര്‍ജ്ജ്യം ഭക്ഷണത്തിലൂടെയോ കുടിവെള്ളത്തിലൂടെയോ മറ്റൊരു വ്യക്തിയുടെ ഉള്ളിലേക്ക് കടക്കുമ്പോള്‍ ബാക്‌ടീരിയ ബാധയുണ്ടാകുന്നു. ബാക്‌ടീരിയയുടെ തോത് കുറവാണെങ്കില്‍ പോലും അത് രോഗമുണ്ടാക്കും. രോഗവാഹകനായ വ്യക്തി ഭക്ഷണം തയ്യാറാക്കുമ്പോഴും മറ്റും രോഗം മറ്റൊരു വ്യക്തിയിലേക്ക് വ്യാപിക്കാം. അല്ലെങ്കില്‍ രോഗബാധിതനായ വ്യക്തിയുടെ വിസര്‍ജ്ജ്യം കുടിവെള്ള സ്രോതസില്‍ കലര്‍ന്നോ ഈച്ചകള്‍ വഴിയോ അത് മറ്റുള്ളവരില്‍ രോഗവ്യാപനത്തിന് ഇടയാക്കും.
Also Read: കോഴിക്കൂട്ടിൽ നിന്ന് വിഷ ജീവിയുടെ കടിയേറ്റു; ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു