കൊല്ലം: ഗുരുതരമായ പല ആക്ഷേപങ്ങളും കേരളത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ച് മോദിയെ വിമർശിക്കും എന്ന് പ്രതീക്ഷിച്ചതായി ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. നിലവിലെ പ്രധാനമന്ത്രിയും നിയുക്ത പ്രധാനമന്ത്രിയും ഇന്നലെ കേരളം സന്ദർശിച്ചു. നരേന്ദ്ര മോദിയുടെ കേരളത്തിനെതിരെയുള്ള വിമർശനങ്ങൾക്ക് മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. സ്ക്രാച്ച് വീണ പഴയ റെക്കോർഡർ പോലെയാണ് പിണറായി വിജയന്‍റെ പ്രസംഗമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
രാഹുൽ ഗാന്ധി തന്നെ കഴിഞ്ഞ ദിവസം പ്രസംഗത്തിൽ ചോദിച്ചു, എന്തുകൊണ്ട് നരേന്ദ്രമോദിയെ വിമർശിക്കാതെ തന്നെ വിമർശിക്കുന്നതെന്ന്. അതിന്‍റെ ഉത്തരം ആണ് എങ്ങും എത്താത്ത സ്വർണക്കടത്ത് അന്വേഷണം. പിണറായി വിജയന് രാജവാഴ്‌ചയുടെ ഹാങ്ങോവറാണ്, നിയസഭ പാസാക്കിയ നിയമങ്ങൾ ജനങ്ങളുടെ അവകാശമല്ല എന്ന മൂഢത്തരമാണ് പിണറായി വിജയൻ പറയുന്നത്. ഒരു എംപിയോ എംഎൽഎയോ എങ്ങനെയാണ് പ്രവർത്തിക്കേണ്ടത് എന്ന് ബിജെപി സംസ്ഥാന അധ്യഷൻ കെ സുരേന്ദ്രന് അറിയില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
കുടുംബത്തിൽ നിന്നുള്ള പണം കൊണ്ടല്ല ജനപ്രതിനിധികൾ വികസനം നടത്തുന്നത്. കേന്ദ്രസർക്കാരിന്‍റെ പദ്ധതികൾ നിയോജക മണ്ഡലത്തിലേക്ക് കൊണ്ടുവരേണ്ടതാണ് എംപിയുടെ കർത്തവ്യമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ മുന്നണി ആലോചിച്ചു തീരുമാനിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒരാളോടും കടക്ക് പുറത്ത് എന്നും നിങ്ങളുടെ വോട്ട് വേണ്ട എന്ന് പറയില്ല. എല്ലാവരുടെയും വോട്ട് ആവശ്യമാണ്.
ALSO READ: 'ഗണേഷിൻ്റെ കഥകൾ പറഞ്ഞാൽ തേച്ചാലും കുളിച്ചാലും പോകില്ല': ഷിബു ബേബി ജോൺ