എറണാകുളം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സമഗ്ര സംഭാവനക്കുള്ള 2023 ലെ ജെ സി ഡാനിയേൽ പുരസ്‌കാരം പ്രശസ്‌ത സംവിധായകൻ ഷാജി എൻ കരുണിന്. 5 ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ദേശീയതലത്തിലും അന്തർദേശീയ തലത്തിലും മലയാള സിനിമയെ അഭിമാനത്തോടെ ഉയർത്തിക്കാട്ടിയ സംവിധായകനാണ് ഷാജി എൻ കരുൺ എന്ന് പുരസ്‌കാര ജൂറി വിലയിരുത്തി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ വാർത്ത കിറിപ്പിലൂടെയാണ് പുരസ്‌കാര വിവരം പുറത്തുവിട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2022 ലെ ജെ സി ഡാനിയൽ പുരസ്‌കാര ജേതാവായ ചലച്ചിത്ര സംവിധായകന്‍ ടി വി ചന്ദ്രനാണ് ജൂറി ചെയർമാൻ. നടൻ വിജയ രാഘവൻ, ഗായിക കെ എസ് ചിത്ര എന്നിവരടങ്ങുന്ന അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറിയായ സി അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര നിർണയം നടത്തിയത്.
ഒരു സംവിധായകൻ എന്നതിലുപരി മലയാളത്തിലെ മികച്ച 40 ഓളം ചിത്രങ്ങൾക്ക് ഷാജി എൻ കരുൺ ഛായാഗ്രഹകനായും പ്രവർത്തിച്ചു. സംവിധായകൻ ജി അരവിന്ദനോടൊപ്പം ഛായാഗ്രഹനായി ഷാജി എൻ കരുൺ പ്രവർത്തിച്ച സിനിമകൾ മലയാളത്തിലെ നവധാര സിനിമകൾക്ക് ഊർജം പകരുന്നതായിരുന്നു എന്ന് പുരസ്‌കാര ജൂറി അഭിപ്രായപ്പെട്ടു.
കാനിൽ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിച്ച മോഹൻലാൽ നായകനായ വാനപ്രസ്ഥം, കാൻ ഫെസ്റ്റിവലിൽ തന്നെ പാംദോറിന് നാമനിർദേശം ചെയ്യപ്പെട്ട 'സ്വം', എഴുപതോളം ചലച്ചിത്ര മേളകളിലായി 31 ഓളം പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ പിറവി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്‌തതിലൂടെ ഷാജി എൻ കരുൺ മലയാള സിനിമയുടെ അഭിമാനം അന്തർ ദേശീയ തലത്തിൽ രേഖപ്പെടുത്തിയതായും ജൂറി പരാമർശിച്ചു.
1998 ൽ രൂപം കൊണ്ട കേരള ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാൻ ആയിരുന്നു ഷാജി എൻ കരുൺ. അദ്ദേഹം ചെയർമാനായിരുന്ന കാലത്താണ് ഐ എഫ് എഫ് കെ യിൽ മത്സര വിഭാഗത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ആരംഭിച്ചത്. 1988 പുറത്തിറങ്ങിയ പിറവിയാണ് ആദ്യ സംവിധാന സംരംഭം. ഇൻഡോ ഫ്രഞ്ച് സമുന്വയത്തോടെ നിർമിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ സിനിമ വാനപ്രസ്ഥമാണ്. കുട്ടി സ്രാങ്ക്, സ്വപ്‌നം, ഓള് തുടങ്ങിയവയാണ് ഷാജി എൻ കരുണിന്‍റെ ശ്രദ്ധേയ സിനിമകൾ.
കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്‌തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, തുടങ്ങിയ അരവിന്ദൻ സിനിമകൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.
1952ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ബിരുദവും 1974 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. നിലവില്‍ കെ എസ് എഫ് ഡി സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്.
Also Read: ലോക ചലച്ചിത്ര മേളകളിലെ ജനപ്രിയ ചിത്രങ്ങളുമായി ഐ എഫ് എഫ് കെ ഫേവറൈറ്റ്‌സ് പാക്കേജ്