എറണാകുളം : കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിനെതിരെ ജാതി അധിക്ഷേപം നടത്തിയ കേസിൽ ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റർ ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു. ഷാജന്‍ സ്‌കറിയയ്ക്ക് മുൻകൂർ ജാമ്യം ഉള്ളതിനാലാണ് വിട്ടയച്ചത്.
തന്നെ ജാതി അധിക്ഷേപം നടത്തിയെന്ന എംഎല്‍എയുടെ പരാതിയിൽ എളമക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഓണ്‍ലൈന്‍ ചാനലിന്‍റെ എഡിറ്റർ ഷാജൻ സ്‌കറിയ, സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരായിരുന്നു കേസിലെ പ്രതികള്‍. കഴിഞ്ഞ കുറേ വർഷങ്ങളായി ചാനലിലൂടെ ഇയാള്‍ തന്നെ വേട്ടയാടുകയാണെന്ന് എംഎല്‍എ പരാതിയില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വ്യാജ വാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തുന്നു എന്ന എംഎൽഎയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചും ഐടി – ആക്‌ടിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് പൊലീസ് കേസെടുത്തത്.
കേസിൽ സുപ്രീം കോടതി ഉപാധികളോടെ ഷാജന്‍ സ്‌കറിയയ്ക്ക് മുൻകൂർ ജാമ്യം നൽകുകയായിരുന്നു. ജാതീയമായ അധിക്ഷേപമുണ്ടെങ്കിൽ മാത്രമേ എസ്‌സി/എസ്‌ടി പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കാനാകൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. പട്ടിക ജാതി, പട്ടിക വിഭാഗത്തിൽ പെട്ടവർക്കെതിരെ അപകീർത്തികരമായി നടത്തുന്ന എല്ലാ പരാമർശങ്ങൾക്കെതിരെയും 1989 ലെ എസ്‌സി/എസ്‌ടി പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ലെന്നും മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച് കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.