കണ്ണൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ ഒട്ടും ഗൗരവത്തില്‍ എടുത്തിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. നയ രൂപീകരണ സമിതിയില്‍ മുകേഷിനെ ഉള്‍പ്പെടുത്തിയത് അതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍.
നയ രൂപീകരണ സമിതിയില്‍ മുകേഷ് തുടരുന്നതിലൂടെ വിഷയത്തിലെ സര്‍ക്കാര്‍ നയം വ്യക്തമാണ്. തങ്ങള്‍ ഇരയോടൊപ്പമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും യഥാര്‍ഥത്തില്‍ അവര്‍ വേട്ടക്കാരനൊപ്പമാണ്. ഇതിലും ഭേദം സര്‍ക്കാരിന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കത്തിച്ചാല്‍ മതിയായിരുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
വിഷയത്തില്‍ അന്വേഷണം നടത്താതെ കുറ്റം ചെയ്‌താല്‍ നടപടിയെന്ന് പറഞ്ഞിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള ഒരു റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ വൈകിയത് വളരെ ഗൗരവമായി കാണേണ്ടതുണ്ട്. സ്‌ത്രീ സുരക്ഷ പരസ്യത്തിന് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ച പണം സിപിഎം പൊതു ഖജനാവിലേക്ക് തിരിച്ചടക്കണം. ഒരു ഭാഗത്ത് സ്‌ത്രീ സുരക്ഷയെന്ന പേരില്‍ പണം ചെലവഴിക്കുക. അതേസമയം മറുഭാഗത്ത് സര്‍ക്കാര്‍ ഇതെല്ലാം മൂടിവയ്‌ക്കുക. പിന്നെന്തിനാണ് പൊതുജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നതെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാണ്. അത്തരം സംവിധാനങ്ങള്‍ തന്നെ തുടരാന്‍ യോഗ്യരല്ലെന്ന് മുകേഷ് ജനപ്രതിനിധിയായി തുടരാന്‍ യോഗ്യനാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഷാഫി പറമ്പില്‍ മറുപടി പറഞ്ഞു.
Also Read: മുകേഷ് മുതല്‍ ജയസൂര്യ വരെ; പ്രമുഖരുടെ പേരുകള്‍ പുറത്തുവിട്ട് മിനു മുനീര്‍