കാസർകോട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ നഴ്‌സിങ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മാർച്ച് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഉദ്ഘാടനത്തിന് ശേഷം പ്രവർത്തകർ ഗേറ്റ് മറികടന്ന് ആശുപത്രിയിലേക്ക് ഇരച്ച് കയറി. ഇതോടെയാണ് പൊലീസ് ലാത്തി വീശിയത്. ഏറെ നേരം സംഘർഷമുണ്ടായി.
അതേസമയം, ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിങ് വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പെൺകുട്ടി മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആത്മഹത്യ ശ്രമത്തിന് പിന്നിൽ ഹോസ്റ്റൽ വാർഡനാണെന്ന് ആരോപിച്ച് ആശുപത്രിയിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ആശുപത്രിയിലെ മൂന്നാം വർഷം നഴ്‌സിങ് വിദ്യാർഥിനി പാണത്തൂർ സ്വദേശി ചൈതന്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഹോസ്റ്റലിൽ വാർഡനും വിദ്യാർഥികളുമായി തർക്കം ഉണ്ടായിരുന്നുവെന്നും ചർച്ചയ്ക്കുശേഷം തിരിച്ചു വന്ന ശേഷമാണ് ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് സഹപാഠികൾ പറയുന്നത്. വാർഡൻ്റെ മാനസിക പീഡനമാണ് ഇതിലേക്ക് നയിച്ചതെന്ന് സുഹൃത്തുക്കൾ പറയുന്നു. എന്നാല്‍ ആത്മഹത്യാ ശ്രമത്തിനു പിന്നിൽ എന്താണെന്നറിയില്ലന്ന് മാനേജ്മെൻ്റ് വിശദീകരണം നൽകി.
വിദ്യാർഥികൾ നൽകിയ പരാതി പരിശോധിക്കാമെന്ന് പൊലീസും ഉറപ്പ് നൽകിയിട്ടുണ്ട്. ചർച്ചയിൽ വാർഡനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.
Also Read: നഴ്‌സിങ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; അതീവ ഗുരുതരാവസ്ഥയിൽ, പ്രതിഷേധിച്ച് വിദ്യാർഥികൾ