തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവർണർക്ക് നേരെ വീണ്ടും എസ് എഫ് ഐ യുടെ കരിങ്കൊടി. സംഭാരവുമായെത്തിയ പ്രവർത്തകരെ പൊലീസ് സ്ഥലത്ത് നിന്നും നീക്കി. വൈകിട്ട് 3:30 യോടെയാണ് എസ് എഫ് ഐ പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചത്. സംഭാരവുമായും പ്രവർത്തകർ പ്രതിഷേധത്തിന് എത്തിയിരുന്നു.
ഗവർണർ എത്തുന്നതിന് മുൻപ് തന്നെ പ്രവർത്തകർ പ്രതിഷേധത്തിന് എത്തിയിരുന്നു. സംഭാരവുമായി എത്തിയ പ്രവർത്തകരെ പൊലീസ് വാഹനത്തിലേക്ക് മാറ്റിയെങ്കിലും കുറച്ച് മാറി കരിങ്കൊടിയുമായി പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചിരുന്നു. തുടർന്ന് ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ പൊലീസ് സ്ഥലത്ത് നിന്നും നീക്കിയത്. തൈക്കാട് ഗസ്റ്റ് ഹൗസിൽ വിവരാവകാശ സെമിനാറിന്‍റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഗവർണർ.
കൊല്ലത്ത് ഗവര്‍ണക്കെതിരെ പ്രതിഷേധം: കൊല്ലം ജില്ലയിലെ നിലമേലില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം നടന്നു. സ്വാമി സദാനന്ദ ആശ്രമത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ എംസി റോഡിലായിരുന്നു സംഭവം. പ്രതിഷേധക്കാർക്ക് എതിരെ കേസെടുക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. ശേഷം പതിനേഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ എഫ്ഐആറിന്‍റെ പകര്‍പ്പ് കിട്ടാതെ താന്‍ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഒരു മണിക്കൂറിലധികം ഗവർണർ പാതയോരത്ത് തുടര്‍ന്നു. തുടര്‍ന്ന് ചടയമംഗലം പൊലീസ് എഫ്ഐആറിന്‍റെ പകര്‍പ്പ് അടിയന്തരമായി എത്തിച്ചു. അതിനു ശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്. ഇതില്‍ പ്രതിഷേധമറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.