പത്തനംതിട്ട: നഗരത്തില്‍ തമ്മിലടിച്ച എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പൊലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. സംഭവത്തില്‍ പ്രമാടം സ്വദേശികളായ ഹരികൃഷ്‌ണ പിള്ള (23) പ്രദീഷ് (23) ആരോമൽ (23) എന്നിവരെ അറസ്‌റ്റ് ചെയ്‌തു.
പെൺകുട്ടികളെ കമൻ്റടിച്ചതിനെച്ചൊല്ലി പത്തനംതിട്ട കാതോലിക്കറ്റ് കോളജിലുണ്ടായ തർക്കമാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ നഗരത്തിലുണ്ടായ സംഘര്‍ഷത്തില്‍ കലാശിച്ചത്. പത്തനംതിട്ട മിനി സിവിൽ സ്‌റ്റേഷൻ പരിസരത്താണ് ഇരു വിഭാഗം വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. വിവരമറിഞ്ഞ് പത്തനംതിട്ട എസ് ഐ ജിനുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇവരെ കസ്‌റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ ഇവർ പൊലീസിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ എസ്ഐ ജിനു, ആഷർ മാത്യു, ശ്രീകാന്ത്, സുമൻ സോമരാജ് എന്ന നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. എസ്ഐ യുടെ യൂണിഫോം വലിച്ച് കീറുകയും, തള്ളി താഴെയിടുകയും കമ്പിക്കഷണം കൊണ്ട് അടിച്ച് ഇടത് കൈയ്യിൽ പരിക്കേൽപ്പിക്കുകയും ചെയ്‌തു. തുടർന്ന് പൊലീസ് മൂന്ന് പെരെ കസ്‌റ്റഡിയിലെടുത്തു.
നാല് പേർ ഓടി രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓടി രക്ഷപ്പെട്ടവർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അറസ്‌റ്റിലായ പ്രതികൾ മുൻപും ദേഹോപദ്രവമേൽപ്പിക്കൽ ഉൾപ്പടെയുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്.
Also Read : എന്‍ഐടിയില്‍ അടിയോടടി; കയ്യാങ്കളി ബസ് ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍, ഒടുക്കം കേസ്