തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയതായി അവകാശപ്പെട്ട് എസ്എഫ്ഐയും കെഎസ്‌യുവും രംഗത്ത്. തെരഞ്ഞെടുപ്പിൽ മുൻവർഷങ്ങളിലേതുപോലെ മേൽക്കൈ നേടാനായെന്നാണ് എസ്എഫ്ഐയുടെ അവകാശവാദം. എന്നാൽ മുൻവർഷത്തെക്കാൾ കൂടുതൽ കോളജുകളിൽ നേട്ടമുണ്ടാക്കിയെന്നും, പല കോളജുകളിലും എസ്എഫ്ഐ കുത്തക അവസാനിപ്പിക്കാൻ കഴിഞ്ഞെന്നു കെഎസ്‌യു ഭാരവാഹികൾ അവകാശപ്പെട്ടു.
20 വർഷങ്ങൾക്ക് ശേഷം കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളജും 13 വർഷങ്ങൾക്ക് ശേഷം കൊല്ലം ഫാത്തിമ മാതാ കോളജും 5 വർഷങ്ങൾക്ക് ശേഷം കുണ്ടറ ഐച്ച്ആർഡി കോളജും തിരിച്ചുപിടിക്കാനാ.ത് തങ്ങളുടെ നേട്ടമായി കെഎസ്‌യു ഉയർത്തിക്കാട്ടുന്നു. ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളജിൽ മുഴുവൻ സീറ്റുകളിലും കെഎസ്‌യു വിജയക്കൊടി പാറിച്ചു. കൊട്ടാരക്കര എസ്‌ജി കോളജ്, കൊല്ലം എസ്എൻ ലോ കോളജ് എന്നിവിടങ്ങളിലും തങ്ങൾ യൂണിയൻ പിടിച്ചതായി കെഎസ്‌യു അവകാശപ്പെടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആലപ്പുഴയിൽ അമ്പലപ്പുഴ ഗവ. കോളജ് യൂണിയനും കെഎസ്‌യു നിലനിർത്തി. ആലപ്പുഴ എസ്‌ഡി കോളജിൽ 30 വർഷങ്ങൾക്ക് ശേഷം ചെയർമാൻ, യുയുസി സ്ഥാനങ്ങൾ എന്നിവ എസ്എഫ്ഐയിൽ നിന്നും കെഎസ്‌യു തിരിച്ചുപിടിച്ചു. കായംകുളം എംഎസ്എം കോളജിൽ കെഎസ്‌യു മുന്നണിയും യൂണിയൻ നേടി.
അതേസമയം കേരള സർവകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 77 ക്യാമ്പസുകളിൽ 64 ക്യാമ്പസുകളിലും തിരുവനന്തപുരം ജില്ലയിൽ സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 36ൽ 31 കോളജുകളിലും എസ്എഫ്ഐക്ക് വിജയം നേടാനായെന്ന് ഭാരവാഹികൾ അറിയിച്ചു. ഇക്ബാൽ കോളേജും, എജെ കോളജും രണ്ട് വർഷത്തിന് ശേഷവും ശ്രീശങ്കര കോളേജ് അഞ്ച് വർഷത്തിന് ശേഷവും കെഎസ്‌യുവിൽ നിന്നും എസ്എഫ്ഐ തിരിച്ചുപിടിച്ചതായും അവർ അറിയിച്ചു.
കൊല്ലത്ത് സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 19ൽ 13 കോളജുകളിലും എസ്എഫ്ഐ വിജയിച്ചു. കൊട്ടിയം എംഎംഎൻഎസ്എസ് കോളജ് എഐഎസ്എഫിൽ നിന്നും എസ്എഫ്ഐ തിരിച്ചു പിടിച്ചു. ആലപ്പുഴയിൽ 17ൽ 15 കോളജുകളിൽ എസ്എഫ്ഐ ഉജ്ജ്വലവിജയം നേടി. ചേർത്തല സെന്‍റ് മൈക്കിൾസ് കോളജ്, എരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് കെഎസ്‌യുവിൽ നിന്നും കായംകുളം ജിസിഎൽഎആർ കോളജ് കെഎസ്‌യു-എഐഎസ്എഫിൽ നിന്നും എസ്എഫ്ഐ തിരിച്ചു പിടിച്ചു.
പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് നടന്ന 5ൽ 5 കോളജുകളിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു. പന്തളം എൻഎസ്എസ് കോളജ്, അടൂർ ഐഎച്ച്ആർഡി, പന്തളം എൻഎസ്എസ് ബിഎഡ് കോളജ്, അടൂർ എസ്‌ടി സിറിൾസ്, കലഞ്ഞൂർ ഐഎച്ച്ആർഡിയിലും എസ്എഫ്ഐ വിജയിച്ചു.
Also Read: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് : കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന് ജയം