ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ത്തന്നെ കേരളത്തിലെ ഒരു പാര്‍ലമെന്‍റ് സീറ്റിലേക്കും രണ്ട് നിയസഭ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായിരുന്നു. തെരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന് വ്യക്തമായിരുന്നില്ലെങ്കിലും മൂന്ന് മുന്നണികളും വ്യക്തമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഹരിയാന ജമ്മു കശ്‌മീര്‍ നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചേക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പിന്നീട് മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍.
കണക്കുകള്‍: കണക്കിലെ മുന്‍തൂക്കം വയനാട്ടില്‍ കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം പകരുന്നുണ്ട്. കണക്കുകള്‍ നോക്കിയാല്‍ കോണ്‍ഗ്രസിന്‍റേയും സിപിഎമ്മിന്‍റേയും കൈവശമിരുന്ന നിയമസഭ മണ്ഡലങ്ങളില്‍ ഓരോന്നിലാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. എന്നാല്‍, അതേ തെരഞ്ഞെടുപ്പ് ഫലം രണ്ടിടത്തും ആവര്‍ത്തിക്കുമെന്ന് ഒരുറപ്പും രണ്ടു പാര്‍ട്ടികള്‍ക്കുമില്ല.
സ്ഥാനാര്‍ഥി നിര്‍ണയം
ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ മുന്‍പ് തന്നെ മൂന്ന് മുന്നണികളിലും നടന്നിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രഖ്യാപനം വന്നതിന് തൊട്ടു പിറകേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് മാത്രമാണ്. സിപിഎമ്മില്‍ സ്ഥാനാര്‍ഥികളെക്കുറിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് അവസാന ധാരണയിലെത്തിയ വേളയിലാണ് പുനരാലോചന ഉണ്ടായത്.
പാലക്കാട്: പാലക്കാട്ട് സ്ഥാനാര്‍ഥി പ്രഖ്യാപനത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി മുതലെടുക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തേയും പ്രതിപക്ഷ നേതാവിനേയും പരസ്യമായി തള്ളിപ്പറഞ്ഞെത്തിയ പി സരിന്‍ അങ്ങനെ പാലക്കാട് നിയോജക മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥിയായി. കോണ്‍ഗ്രസിലെ അസംതൃപ്‌തി മുതലെടുക്കുന്നതില്‍ വിജയിച്ച ഇടത് മുന്നണിക്ക് പാലക്കാട്ട് മുന്നണിക്ക് പുറത്തു നിന്നുള്ള വോട്ടുകള്‍ കൂടി നേടിയെങ്കിലേ വിജയിക്കാനാവൂ.
അതോടൊപ്പം പതിനൊന്നാം മണിക്കൂറില്‍ മാത്രം സീറ്റ് കിട്ടാത്തതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടെത്തിയ സരിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടിക്കകത്തുള്ള പ്രതിഷേധം തണുപ്പിക്കുകയും വേണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് മൂന്നാം സ്ഥാനത്തായിപ്പോയ ഇടതുമുന്നണിക്കായി ഇക്കുറി സരിൻ മത്സരിക്കുമ്പോള്‍ അന്ന് കിട്ടിയ അത്രയും വോട്ടുകള്‍ എങ്കിലും നേടാനായില്ലെങ്കില്‍ മാനക്കേടാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കോണ്‍ഗ്രസിലാകട്ടെ ഷാഫി പറമ്പില്‍ കഴിഞ്ഞ തവണ നേടിയ നേരിയ മാര്‍ജിനിലുള്ള വിജയം രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ഥിത്വത്തിലൂടെ എത്ര കണ്ട് കൂട്ടാനാകും എന്നതാകും വെല്ലുവിളി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തെത്തുടര്‍ന്ന് ഉയര്‍ന്ന അസ്വാരസ്യങ്ങള്‍ രാഹുലിന്‍റെ പ്രകടനത്തെ ബാധിക്കില്ല എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി പറയുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥിയുടെ സ്വീകാര്യതയും ഗ്രൂപ്പുകള്‍ക്കകത്തെ അമര്‍ഷവും വോട്ടിങ്ങില്‍ എങ്ങിനെ പ്രതിഫലിക്കും എന്നതില്‍ ആശങ്ക നേതൃത്വത്തിനുണ്ട്.
വയനാട്ടിലും ചേലക്കരയിലും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസിലും ഇടതുമുന്നണിയിലും വലിയ പ്രശ്‌നങ്ങളില്ല.
വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി സ്ഥാനം ഒഴിഞ്ഞപ്പോള്‍ത്തന്നെ പ്രിയങ്ക വദ്ര സ്ഥാനാര്‍ഥിയാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിരുന്നു. വയനാട്ടില്‍ വളരെ മുമ്പ് തന്നെ പ്രഖ്യാപിച്ച പ്രിയങ്ക വദ്രയുടെ സ്ഥാനാര്‍ഥിത്വം കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരര്‍ത്ഥത്തില്‍ വലിയ വെല്ലുവിളിയാണ്. പ്രിയങ്കയുടെ കന്നിയങ്കത്തിനാണ് വയനാട് വേദിയാകുന്നത്.
ആറുമാസം മുന്‍പ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നേടിയ 3,64,422 വോട്ട് ഭൂരിപക്ഷം നിലനിര്‍ത്തുക മാത്രമല്ല, 2019 ല്‍ നേടിയ 431770 വോട്ട് ഭൂരിപക്ഷം മറികടക്കുക എന്ന ലക്ഷ്യമാണ് കെപിസിസി നേതൃത്വം വയനാട്ടിലെ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിക്കാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല നല്‍കിയിരിക്കുന്നത്.
ആറ് മാസം മുന്‍പ് രാഹുലിനെ നേരിട്ട ആനി രാജയെ മാറ്റി സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും കിസാന്‍ സഭാ നേതാവുമായ സത്യന്‍ മൊകേരിയെ വയനാട്ടില്‍ സ്ഥാനാര്‍ഥിയായി കൊണ്ടുവന്നിരിക്കുകയാണ് സിപിഐ. കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ അംഗമെന്ന നിലയിലും കിസാന്‍ സഭ നേതാവെന്ന നിലയിലും വയനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നന്നായറിയുന്നയാളാണ് സത്യന്‍ മൊകേരി.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തുന്നതിന് തൊട്ടുമുമ്പുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ വെള്ളം കുടിപ്പിച്ച ചരിത്രവുമുണ്ട് സത്യന്‍ മോകേരിക്ക്. വയനാട്ടിലെ പോരാട്ടം രാഷ്ട്രീയമായെടുക്കുമെന്ന് പറയുന്ന സിപിഐ കനത്ത പോരാട്ടത്തിനാണ് ഇത്തവണ കളമൊരുക്കുന്നത്.
ചേലക്കര: കെ രാധാകൃഷ്‌ന്‍റെ കൈയൊപ്പ് പതിഞ്ഞ ചേലക്കര മണ്ഡലം സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റാണെങ്കിലും പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ട്. ആലത്തൂര്‍ മുന്‍ എംപി രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ശക്തമായി കളം പിടിച്ചു കഴിഞ്ഞു. സ്ഥാനാര്‍ഥിയെച്ചൊല്ലി വലിയ പ്രശ്‌നങ്ങള്‍ ചേലക്കരയില്‍ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നിട്ടില്ല.
ഇടതുമുന്നണിയില്‍ സിപിഎമ്മും സ്ഥാനാര്‍ഥിയെ വലിയ പ്രശ്‌നങ്ങളില്ലാതെ കണ്ടെത്തി. ഇടക്കാലത്ത് ചേലക്കര എംഎല്‍എ ആയ യുആര്‍ പ്രദീപ് തന്നെയാകും സ്ഥാനാര്‍ഥി എന്ന് സിപിഎം ഉറപ്പിച്ചു.
ബിജെപി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നിടത്തും ബിജെപി സ്ഥാനാര്‍ഥികളെക്കുറിച്ച് ഇതേവരെയും വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട കെ സുരേന്ദ്രന് നേടാനായ 1,41,045 വോട്ടാണ് വയനാട്ടിലെ ബിജെപിയുടെ ഏറ്റവും വലിയ നേട്ടം. ഇടതുമുന്നണി സ്ഥാനാര്‍ഥി ആനി രാജ നേടിയതിന്‍റെ പാതി വോട്ട് മാത്രമാണ് വയനാട്ടില്‍ സുരേന്ദ്രന് നേടാനായത്. ഇത്തവണ ശോഭാ സുരേന്ദ്രന്‍, ബിജെപി നേതാവും തെന്നിന്ത്യന്‍ സിനിമ താരവുമായ ഖുശ്ബു, കെ സുരേന്ദ്രന്‍, എ പി അബ്ദുള്ളക്കുട്ടി, സന്ദീപ് വാര്യര്‍, എം ടി രമേഷ് എന്നിങ്ങനെ നിരവധി പേരുകള്‍ വയനാട്ടിലേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്.
പാലക്കാട്ട് കഴിഞ്ഞ തവണ മെട്രോമാന്‍ ഇ ശ്രീധരന്‍ നടത്തിയ മിന്നുന്ന പ്രകടനത്തിന്‍റെ ബലത്തില്‍ രണ്ടാം സ്ഥാനത്ത് വന്ന ബിജെപി മണ്ഡലത്തില്‍ അമ്പതിനായിരം വോട്ടെന്ന കടമ്പ മറികടന്നിരുന്നു. വെറും 3859 വോട്ടിനാണ് ഷാഫി പറമ്പില്‍ കഴിഞ്ഞ തവണ പാലക്കാട്ട് ജയിച്ചത്. ഇ ശ്രീധരന്‍ ഇത്തവണ മത്സര രംഗത്തിറങ്ങാനുള്ള സാധ്യതയില്ലെങ്കിലും ബിജെപിക്ക് മണ്ഡലത്തില്‍ ഇതേവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടില്ല.
പാലക്കാട്ട് ബിജെപി വോട്ട് ആദ്യമായി നാല്‍പ്പതിനായിരത്തിലെത്തിച്ച് 2016 ല്‍ രണ്ടാം സ്ഥാനത്ത് വന്ന ശോഭ സുരേന്ദ്രനെ പരീക്ഷിക്കണമെന്ന് ഒരു വിഭാഗം ശക്തമായി വാദിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ രണ്ടാം സ്ഥാനത്തെത്തിയ സി കൃഷ്‌ണകുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്ന വാദവും ശക്തമാണ്. കെ സുരേന്ദ്രന്‍ തന്നെ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ചേലക്കരയില്‍ ടിഎന്‍ സരസു, കെ ബാലകൃഷ്‌ൻ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
പി വി അന്‍വര്‍: സിപിഎമ്മിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് ഈ ഉപതെരഞ്ഞെടുപ്പ് ശക്തി പരീക്ഷണത്തിനുള്ള വേദിയാണ്. ചേലക്കരയിലും പാലക്കാട്ടും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ള അന്‍വറിന്‍റെ ഡിഎംകെ ചോര്‍ത്തുന്ന വോട്ടുകള്‍ എവിടെ നിന്നാവുമെന്ന് പറയാറായിട്ടില്ല.
Also Read : ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പി വി അന്‍വർ മുതല്‍ പി പി ദിവ്യ വരെ നീളുന്ന വിവാദങ്ങൾ ആളിക്കത്തും