തിരുവനന്തപുരം : സോളാർ സമരത്തിൽ ഒത്തുതീർപ്പിന് ഇടപെട്ടുവെന്ന് സമ്മതിച്ച് ചെറിയാൻ ഫിലിപ്പ്. തിരുവഞ്ചൂർ രാധാകൃഷ്‌ണനും ജോൺ ബ്രിട്ടാസും തമ്മിൽ സംസാരിച്ചത് തന്‍റെ ഫോണിൽ നിന്നാണെന്നും വിഎസിന്‍റെ പിടിവാശിയിലാണ് സമരം നടത്തിയതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വിഎസ് അച്യുതാനന്ദന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു സമരം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത്.
രണ്ട് കൂട്ടരും ഒത്തുതീർപ്പെന്ന നിലയിൽ എത്തിയപ്പോഴാണ് തിരുവഞ്ചൂരിനെ കണ്ടത്. ജോൺ ബ്രിട്ടാസും തിരുവഞ്ചൂരും തമ്മിൽ സംസാരിച്ചത് തന്‍റെ ഫോണിൽ നിന്നാണ്. കോടിയേരിയുമായും ബ്രിട്ടാസ് ആശയവിനിമയം നടത്തി. മാന്യമായ കരാറിൽ ഏർപ്പെടണമെന്ന സദുദ്ദേശമായിരുന്നു ഇതിന് പിന്നിൽ. സിപിഎമ്മുമായി നടത്തിയ ചർച്ചകളിൽ ജോൺ ബ്രിട്ടാസ് പങ്കാളിയായിരുന്നു.
സോളാർ അന്വേഷണങ്ങളെ ഇത് ബാധിച്ചിട്ടില്ല. സമരം അവസാനിപ്പിക്കുന്നത് രണ്ട് പേർക്കും ആശ്വാസകരമാണ്. രണ്ട് കൂട്ടർക്കും മുൻകൈയെടുക്കുന്നതിൽ തുല്യ പങ്കുണ്ട്. തിരുവഞ്ചൂരിനെ കാണാൻ താനും ബ്രിട്ടാസും പോയിരുന്നു. ബ്രിട്ടാസിന്‍റെ കാറിലാണ് പോയത്. തുടർ ചർച്ചകളിൽ താൻ പങ്കാളിയല്ല. പൊളിറ്റിക്കൽ ഡീൽ ഉണ്ടായിട്ടില്ല. കേരളം കലാപ ഭൂമിയായി മാറാതിരിക്കാൻ രണ്ട് കൂട്ടരും തീരുമാനിച്ച് സമരം ഒഴിവാക്കി.
തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ വീട്ടിൽ ചർച്ച നടത്തി. സമരം തുടങ്ങുന്നതിനുമുൻപ് ഒത്തുതീർപ്പിനുള്ള ശ്രമം തുടങ്ങിയിരുന്നു. സമരത്തിന് തലേ ദിവസമാണ് ജോൺ ബ്രിട്ടാസ് തിരുവഞ്ചൂരുമായി സംസാരിച്ചത്. സിപിഎം നേതാക്കൾക്ക് പലർക്കും സമരം അവസാനിപ്പിക്കണമെന്നുണ്ടായിരുന്നു. സ്വകാര്യ സംഭാഷണത്തിൽ പലരും ഇത് തന്നോട് പറഞ്ഞിട്ടുണ്ട്.
ദുരന്തം ഒഴിവാക്കാനായി രണ്ട് മുന്നണികളും ഒരുമിച്ചെടുത്ത തീരുമാനമാണത്. രണ്ട് കൂട്ടരും തമ്മിലുണ്ടായ മാന്യമായ കരാർ. ജോൺ മുണ്ടക്കയം ഉമ്മൻ ചാണ്ടിയുടെ ഭക്തനാണ്. ലേഖനം പ്രസിദ്ധീകരിച്ച ശേഷം മുണ്ടക്കയവുമായി സംസാരിച്ചു. തന്‍റെ ഹൃദയം രഹസ്യങ്ങളുടെ കലവറയാണ്.
സ്വന്തം പുസ്‌തകത്തിൽ അതൊക്കെ വിശദമായി പറയും. സമരത്തിലൂടെ അണികളെ കബളിപ്പിച്ചോയെന്ന ചോദ്യം സിപിഎം നേതൃത്വത്തോട് ചോദിക്കണമെന്നും ചെറിയാൻ ഫിലിപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: സോളാര്‍ കേസ് : 'ജോണ്‍ മുണ്ടക്കയത്തിന്‍റേത് വെറും ഭാവന'; വെളിപ്പെടുത്തല്‍ തള്ളി ജോണ്‍ ബ്രിട്ടാസ്