കോഴിക്കോട്: സർക്കാർ നിയമ നടപടിയുമായി മുന്നോട്ട് പോയാൽ താനും പിന്നോട്ടില്ലെന്ന് മെഡിക്കൽ കോളജിലെ സീനിയർ നഴ്‌സിങ് ഓഫീസർ പി ബി അനിത. ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും തീരുമാനമെടുക്കാത്ത സർക്കാരിനെതിരെ മെഡിക്കൽ കോളജിൽ അനിത നടത്തുന്ന സമരം അഞ്ചാം ദിവസം പിന്നിടുകയാണ്. അനിതയ്‌ക്ക് പിന്തുണയുമായി അതിജീവിത തന്നെ ഇന്ന് രംഗത്തെത്തി.
താൻ നിരപരാധിയാണെന്ന കാര്യം ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതാണ്. ഒരു തരത്തിലുള്ള സുരക്ഷയുമില്ലാതെയാണ് അതിജീവിതയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. താൻ ഇല്ലായിരുന്നെങ്കിൽ അവർക്ക് ഒരു തരത്തിലുള്ള സുരക്ഷയും ലഭിക്കില്ലായിരുന്നു. ഡിഎംഇ റിപ്പോർട്ട് പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണ്. അതിജീവിതയ്ക്ക് സംരക്ഷണം നൽകുന്നതിൽ തൻ്റെ ഭാഗത്ത് വീഴ്‌ച ഉണ്ടായിട്ടില്ല. സർക്കാർ പക പോക്കുകയാണെന്നും അനിത പ്രതികരിച്ചു.
ഐസിയു പീഡന കേസിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ നഴ്‌സിങ് ഓഫിസറാണ് പി ബി അനിത. കോടതി ഉത്തരവ് ഉണ്ടായിട്ടും ജോലിയിൽ പ്രവേശിപ്പിക്കാൻ കോളജ് അധികൃതർ തയ്യാറാകത്തതിൽ പ്രതിഷേധിച്ചാണ് അനിതയുടെ സമരം.
അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതുമായി 4 ദിവസമായി അനിത എത്തുന്നുണ്ടെങ്കിലും ജോലിയിൽ പ്രവേശിപ്പിച്ചിട്ടില്ല.
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ 2023 മാർച്ച് 18 ന് ശസ്ത്രക്രിയ കഴിഞ്ഞ് അർധബോധാവസ്ഥയില്‍ ഇരിക്കെയാണ് ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയ യുവതിയെ മൊഴി മാറ്റിക്കാൻ 6 വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയ സംഭവം അനിത അധികൃതർക്ക് റിപ്പോർട്ട് ചെയ്‌തു. തുടർന്ന് 6 വനിത ജീവനക്കാരെയും സസ്പെൻഡ് ചെയ്‌തു. പ്രത്യേക അന്വേഷണ സമിതിക്കും പൊലീസിനും മുൻപിൽ ഭീഷണി സ്ഥിരീകരിച്ച് മൊഴി നൽകിയ അനിതയെയും ചീഫ് നഴ്‌സിങ് ഓഫിസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെയും സ്ഥലം മാറ്റി.
അനിത ഒഴികെയുള്ളവർക്ക് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് സ്‌റ്റേ ലഭിക്കുകയും അവർ തിരികെ ജോലിയിൽ കയറുകയും ചെയ്‌തു. എന്നാല്‍ അനിതയ്ക്കു നിയമനം നൽകാൻ കോഴിക്കോട്ട് ഒഴിവില്ല എന്നായിരുന്നു സർക്കാർ വാദം. മറ്റൊരാൾക്ക് അതിനോടകം കോഴിക്കോട്ട് നിയമനം നൽകി. തുടർന്നാണ് അനിത ഹൈക്കോടതിയെ സമീപിച്ചത്.
അനിതയെ കുറ്റവിമുക്തയാക്കിയ കോടതി, സർവീസ് റെക്കോർഡിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തരുതെന്നും നിർദേശിച്ചു. 5 ജീവനക്കാരുടെ പേരെഴുതി നൽകിയതിന് യൂണിയൻ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതെക്കുറിച്ചും അനിത പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.