പത്തനംതിട്ട: ഹിന്ദു വിശ്വാസികളേയും അയ്യപ്പ ഭക്തരേയും സംബന്ധിച്ച് അങ്ങേയറ്റം പാവനമായി കാണുന്ന പദവിയാണ് ശബരിമല മേല്‍ശാന്തിയുടേത്. കാനനവാസനായ ശ്രീ ധര്‍മ്മശാസ്‌താവിനെ ഭജിച്ച് നിത്യവും പൂജകള്‍ ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന ശബരിമല മേല്‍ശാന്തിയുടെ നിയോഗം ഒരാളുടെ ജീവിത കാലത്തെ ഏറ്റവും വലിയ പുണ്യമായാണ് കരുതപ്പെടുന്നത്. ശബരിമല തന്ത്രിയേയും മേല്‍ശാന്തിയേയും ഭഗവാന്‍റെ പ്രതിനിധിയായാണ് ലക്ഷോപലക്ഷം ഭക്തര്‍ കാണുന്നത്.
മേല്‍ശാന്തിമാരെ കണ്ടെത്തുന്നത് ഇങ്ങിനെ
പൂജാദികര്‍മങ്ങള്‍ നടത്താന്‍ കഴിവും അറിവുമുള്ള പൂജാരികള്‍ കേരളത്തില്‍ ഏറെയുണ്ടെങ്കിലും ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെടാനുള്ള ഭാഗ്യം അപൂര്‍വ്വം ചിലര്‍ക്കു മാത്രമേ ലഭിക്കാറുള്ളൂ. ഒരു വര്‍ഷത്തേക്കാണ് ശബരിമല മേല്‍ശാന്തിമാരെ നിയമിക്കാറുള്ളത്. പുറപ്പെടാ ശാന്തികളായതിനാല്‍ ശബരിമല മാളികപ്പുറം മേല്‍ശാന്തിമാര്‍ ഒരു വര്‍ഷം സന്നിധാനത്ത് കഴിയാന്‍ നിയോഗിക്കപ്പെടുന്നവരാണ്.
യോഗ്യതാ മാനദണ്ഡം
ദിവസം രണ്ടു നേരം തുറന്ന് മൂന്നു നേരം പൂജ നടത്തുന്ന ക്ഷേത്രത്തില്‍ പത്തു വര്‍ഷമെങ്കിലും തുടര്‍ച്ചയായി മേല്‍ശാന്തിയായിരിക്കണമെന്നതാണ് പ്രധാന മാനദണ്ഡം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിന് വിളിക്കും. അതിനു ശേഷം മേല്‍ശാന്തി നിയമനത്തിന് പരിഗണിക്കപ്പെടാനുളള അന്തിമ പട്ടിക തയാറാക്കും.
തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെ
അടുത്ത ഒരു വര്‍ഷത്തേക്കുള്ള സന്നിധാനം മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടത്തുന്നതിനും ചില ചിട്ട വട്ടങ്ങളുണ്ട്. സന്നിധാനത്തേക്ക് മേല്‍ശാന്തിയായി പരിഗണിക്കപ്പെടാന്‍ 25 പേരുടേയും മാളികപ്പുറത്തേക്ക് 15 പേരുടേയും ചുരുക്കപ്പട്ടിക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. ഇവരുടെ പേരുകള്‍ നറുക്കെടുപ്പിനായി പ്രത്യേക വെള്ളിക്കുടങ്ങളില്‍ നിക്ഷേപിക്കും. ഈ വെള്ളിക്കുടങ്ങള്‍ ശ്രീകോവിലില്‍ പൂജിച്ച ശേഷമാകും നറുക്കെടുപ്പ് നടത്തുക.
പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടികളായ ഋഷികേശ് വര്‍മ, വൈഷ്‌ണവി എന്നിവരാണ് ഇത്തവണ നറുക്കെടുക്കുക. ശബരിമല മേല്‍ശാന്തിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടത്തുന്ന ഋഷികേശ് വര്‍മ ദുബായിലെ പേള്‍ വിസ്‌ഡം സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പന്തളം നടുവിലെ മാളിക കൊട്ടാരത്തില്‍ പൂര്‍ണവര്‍മയുടേയും കോയിപ്പുറം നെല്ലിക്കല്‍ കൊച്ചിടത്തില്‍ കോവിലകത്തില്‍ ഗിരീഷ് വിക്രമിന്‍റേയും മകനാണ് ഋഷികേശ് വര്‍മ. മാളികപ്പുറം മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടത്തുന്ന വൈഷ്‌ണവി തൃശൂര്‍ മാളയിലെ ഹോളി ഗ്രേസ് അക്കാദമിയിലെ വിദ്യാര്‍ഥിനിയാണ്. പന്തളം വടക്കേടത്ത് കൊട്ടാരത്തിലെ മിഥുന്‍റേയും പ്രീജയുടേയും മകളാണ് വൈഷ്‌ണവി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാനാണ് മേല്‍ശാന്തി നറുക്കെടുപ്പിനുള്ള കുട്ടികളെ നിര്‍ദേശിക്കുക. മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങിയ ശേഷം പന്തളം കൊട്ടാരത്തിലെ തിരുവാഭരണ മാളികയ്ക്കു മുന്നില്‍ വച്ച് ഈ കുട്ടികള്‍ കെട്ടു നിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. പന്തളം കൊട്ടാരം പ്രതിനിധികളും രക്ഷിതാക്കളും ഇവരെ അനുഗമിക്കും.
കോടതി നിരീക്ഷണത്തില്‍ നറുക്കെടുപ്പ്
ഇത്തവണ മേല്‍ശാന്തി നിയമനം കോടതി കയറിയിരുന്നു. ദിവസം രണ്ടു നേരം തുറന്ന് മൂന്നു നേരം പൂജ നടത്തുന്ന ക്ഷേത്രത്തില്‍ പത്തു വര്‍ഷമെങ്കിലും തുടര്‍ച്ചയായി മേല്‍ശാന്തിയായിരിക്കണമെന്നതാണ് പ്രധാന മാനദണ്ഡം. ഈ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി രണ്ടു പേരെ അഭിമുഖത്തില്‍ പങ്കെടുപ്പിച്ചു എന്നായിരുന്നു പരാതി. മതിയായ അനുഭവ പരിചയമില്ലാത്ത രണ്ടുപേര്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അഭിമുഖത്തില്‍ പങ്കെടുത്തുവെന്ന പരാതി പരിഗണിച്ച ഹൈക്കോടതി നറുക്കെടുപ്പ് നടപടി ക്രമവുമായി മുന്നോട്ടു പോകാമെന്ന ഉത്തരവ് നല്‍കി.
അവരെക്കൂടി ഉള്‍പ്പെടുത്തിയാണ് അന്തിമ പട്ടിക തയാറാക്കിയിരിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍റെ മേല്‍നോട്ടത്തിലാവും സന്നിധാനത്ത് മേല്‍ശാന്തി നറുക്കെടുപ്പ് നടക്കുക. വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് മേല്‍ശാന്തിമാരുടെ കാലാവധി. തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന ശേഷം നാളെ (ഒക്‌ടോബര്‍ 17) രാവിലെ ഉഷപൂജയ്ക്ക് ശേഷമാണ് മേല്‍ശാന്തി നറുക്കെടുപ്പ് നടക്കുക. തന്ത്രിമാരായ കണ്‌ഠരര് രാജീവരര്, കണ്‌ഠരര് ബ്രഹ്മദത്തന്‍ എന്നിവരാണ് ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, സ്പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്‌ണൻ എന്നിവരുടെ സാന്നിധ്യത്തിലാകും നറുക്കെടുപ്പ്.