കൊല്ലം : തിരുവനന്തപുരവുമായി ജില്ലാഅതിർത്തി പങ്കിടുന്ന കാപ്പിൽ മുതൽ ആലപ്പുഴയോടു ചേരുന്ന അഴീക്കൽ വരെയുള്ള തീരത്ത് അപ്രതീക്ഷിത കടൽക്ഷോഭം. മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്തെ നിരവധി വീടുകൾ കടലെടുത്തു. കാപ്പിൽ, അഴീക്കൽ, മുണ്ടയ്ക്കൽ, പരവൂർ തെക്കുംഭാഗം, പൊഴിക്കര, മയ്യനാട് താന്നി എന്നിവിടങ്ങളിലാണ് കടലാക്രമണം തുടങ്ങിയത്.
കഴിഞ്ഞ ദിവസം തിരമാലകൾ ശക്തമായി വീശി അടിച്ചിരുന്നു. 50 മീറ്ററിലേറെ തീരം കടലെടുത്ത അവസ്ഥയാലാണ്. കൊല്ലം ബീച്ചിന് സമീപം മുണ്ടയ്ക്കൽ വെടിക്കുന്ന് ഭാഗത്ത് അഞ്ചോളം വീടുകൾ പൂർണമായും കടലാക്രമണത്തിൽ തകർന്നു. 25 ഓളം വീടുകൾക്ക് ഇവിടെ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. മറ്റ് വീടുകൾ ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ് ഇപ്പോളുള്ളത്.
സെന്‍റ് ജോർജ് ചാപ്പലിന്‍റെ ചുറ്റുമതിലും റോഡും തകർന്നു. ഇതോടെ ഇവിടേക്കുള്ള ഗതാഗതം തടസപ്പെട്ട അവസ്ഥയാണ്. വെടിക്കുന്ന്, സ്നേഹക്കുന്ന് ഭാഗങ്ങളിൽ രണ്ട് അങ്കണവാടികളും തകർന്നു. കടലാക്രമണത്തിൽ മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും വ്യാപകമായി നശിച്ചു. വീട് തകർന്നതോടെ തൊട്ടടുത്തുള്ള വീടുകളിൽ ആളുകൾ അഭയം തേടിയിരിക്കുകയാണ്. കൈയിൽ കിട്ടിയ സാധനങ്ങൾ റോഡരികിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
കൊല്ലം ബീച്ചിലേക്ക് എത്തിയ സന്ദർശകരെ പൊലീസും ലൈഫ്‌ഗാർഡുമാരും ചേർന്ന് തടഞ്ഞു. ബീച്ചിലെ കച്ചവടക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പാപനാശം വരെയുള്ള ഭാഗത്ത് പുലിമുട്ട് നിർമ്മിച്ചതോടെയാണ് സെന്‍റ് ജോർജ് പള്ളിക്ക് സമീപത്തെ ഭാഗങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുന്നതെന്നാണ് നാട്ടുകാരുടെ ആരാേപണം. വീട് നഷ്‌ടപ്പെട്ടവർക്ക് ഉടൻ തന്നെ വീട് നൽകണമെന്നും മതിയായ നഷ്‌ട പരിഹാരം ലഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.