കോഴിക്കോട്: ഇരുപത്തഞ്ച് വർഷമായി ബസിന്‍റെ വളയം തിരിക്കുന്ന മണാശ്ശേരി പൊറ്റശ്ശേരിയിലെ ചക്രപാണി ഒറ്റ ദിവസം കൊണ്ടാണ് നാട്ടിലെ വൈറൽ താരമായത്. കഴിഞ്ഞ ദിവസം ചേന്ദമംഗലൂരിന് സമീപം പുൽപ്പറമ്പിൽ ബസിനു മുന്നിലേക്ക് തെറിച്ചുവീണ സ്‌കൂട്ടർ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ചക്രപാണി കയ്യടി നേടിയത്.
മാവൂർ നായർകുഴി വഴി മുക്കത്തേക്ക് പോകുന്ന ആർമി ബസിലെ ഡ്രൈവറാണ് ചക്രപാണി.
പതിവുപോലെ 11:50 ന് മാവൂരിൽ നിന്നും എടുക്കുന്ന ട്രിപ്പിലാണ് ബസിലെ ഡ്രൈവുടെ ശ്രദ്ധാപൂര്‍വമുള്ള ഇടപെടല്‍ മൂലം ഒരു ജീവൻ രക്ഷിക്കാൻ ആയത്.
പുൽപ്പറമ്പിന് സമീപം വെച്ച് എതിരെ വന്ന സ്‌കൂട്ടർ നിയന്ത്രണം വിട്ട് പെട്ടെന്ന് ബസിനു മുന്നിൽ മറിഞ്ഞു. സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് ബസിന് മുൻപിലേക്കാണ് തെറിച്ചുവീണത്. ഇത് കണ്ട് ഡ്രൈവർ ബസ് പെട്ടെന്ന് റോഡരികിലേക്ക് വെട്ടിച്ചു മാറ്റി യുവാവിനെ രക്ഷിക്കുകയായിരുന്നു.
ഇതിൻ്റെ ദൃശ്യങ്ങൾ പരിസരത്തെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ബസ് ഡ്രൈവർ ചക്രപാണിപട്ടെന്ന് വൈറലായത്. അവസരോചിതമായ ഇടപെടൽ കാരണം ഒരു ജീവൻ രക്ഷിക്കാൻ ആയതോടെ ബസ് ഡ്രൈവർ ചക്രപാണിയെ പ്രശംസകൊണ്ട് മൂടുകയാണ് നാട്ടുകാര്‍.