കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന ഇന്ന് വീണ്ടും ശസ്‌ത്രക്രിയക്ക് വിധേയയായി. വയറിൻ്റെ ഇടതുഭാഗത്തായി കത്രിക കുടുങ്ങിയ സ്ഥലത്ത് രൂപപ്പെട്ട മാംസപിണ്ഡം നീക്കാനുള്ള ശസ്‌ത്രക്രിയയാണ് ഇന്ന് സ്വകാര്യ ആശുപത്രിയില്‍ നടന്നത്.
രാവിലെ ഒൻപത് മണിയോടെയാണ് ശസ്‌ത്രക്രിയ നടത്തിയത്. സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്‌ത്രക്രിയ വിജയകരമാണ്. സ്വകാര്യ ആശുപത്രിയിലെ ശസ്‌ത്രക്രിയായതിനാല്‍ വലിയ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം ശേഖരിക്കാനുള്ള ശ്രമം കുടുംബം നടത്തിയിരുന്നു.
2017 നവംബര്‍ 30 ന് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നടന്ന പ്രസവ ശസ്‌ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. 2022 സെപ്‌തംബര്‍ 17 ന് നടത്തിയ ശസ്‌ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കുകയും കത്രിക കിടന്ന ഭാഗത്തെ ഗ്രന്ഥിക്കുള്ളിലെ പഴുപ്പ് നീക്കം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാല്‍ വേദന കലശലായതോടെ നടത്തിയ പരിശോധനയിലാണ് അവിടെ മാംസപിണ്ഡം രൂപപ്പെട്ടതായി കണ്ടെത്തിയത്. അത് നീക്കം ചെയ്യാനാണ് ഇപ്പോൾ ശസ്‌ത്രക്രിയ നടത്തിയത്.
Also Read : ഇരട്ടയാറില്‍ അതിജീവിതയുടെ ദുരൂഹ മരണം; കുറ്റമറ്റ അന്വേഷണത്തിന് നിര്‍ദേശം നല്‍കുമെന്ന് വനിത കമ്മിഷന്‍