തിരുവനന്തപുരം : ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്‌ധരും ഉരുൾപൊട്ടലുണ്ടായ പ്രദേശം സന്ദർശിക്കുന്നതിനും മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കേർപ്പെടുത്തിയത് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി നിർദേശം നൽകിയതായ വാർത്ത തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്നതാണ്. അത്തരം ഒരു നയം സംസ്ഥാന സർക്കാരിന് ഇല്ല. അങ്ങനെ ദ്യോതിപ്പികക്കുംവിധം ആശയവിനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടനെ പിൻവലിക്കാൻ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
നേരത്തെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ശാസ്ത്ര സാങ്കേതിക വകുപ്പിന് നിർദേശം നൽകിയത്. മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രദേശം സന്ദർശിക്കരുതെന്നു എല്ലാ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾക്കും നിർദേശം നൽകണമെന്നാണ് സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഫ. കെപി സുധീറിന് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
മാധ്യമങ്ങളോട് തങ്ങളുടെ അഭിപ്രായങ്ങൾ പറയരുതെന്നും പഠന റിപ്പോർട്ടുകൾ പങ്കുവയ്ക്കരുതെന്നും ശാസ്ത്ര, സാങ്കേതിക വിദഗ്‌ധർക്ക് നിർദേശം നൽകണം, ദുരന്ത മേഖലകളിൽ പഠനം നടത്തണമെങ്കിൽ മുന്‍കൂർ അനുമതി നേടിയിരിക്കണമെന്നും കത്തിൽ പറയുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സ്ഥാപനങ്ങൾ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലാണ്.