ആലപ്പുഴ: ശാസ്‌ത്ര ഗവേഷണങ്ങള്‍ മനുഷ്യന്‍റെ ശോഭനമായ ഭാവിക്കൊപ്പം ലോകത്തിന്‍റെ ഹരിതഭാവി കൂടി ലക്ഷ്യം വെച്ചുള്ളവയാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്തത്തോടെ ശാസ്‌ത്ര മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിനുകുന്ന ചര്‍ച്ചകള്‍ കൂടി ശാസ്‌ത്രോത്സവങ്ങളുടെ ഭാഗമായി ഉയര്‍ന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 56 -ാമത് സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്‍റെയും വൊക്കേഷണല്‍ എക്‌സ്‌പോയുടെയും ഉദ്ഘാടനം ആലപ്പുഴ സെന്‍റ് ജോസഫ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'ശാസ്‌ത്ര മുന്നേറ്റങ്ങള്‍ മാനവരാശിക്കു നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതില്‍, ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിലെല്ലാം നമ്മള്‍ മുന്നേറിയത് ശാസ്‌ത്രനേട്ടങ്ങളില്‍ ഊന്നിയാണ്. എന്നാൽ അവ പ്രകൃതിക്കുമേല്‍ ഏല്‍പ്പിക്കുന്ന ആഘാതത്തെ നാം കാണാതെ പോകരുത്. പ്രത്യേകിച്ച് ആഗോള താപനത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും ആഘാതം നേരിട്ടനുഭവിക്കുന്ന ഒരു നാട് എന്ന നിലയില്‍,' മുഖ്യമന്ത്രി പറഞ്ഞു.
മത്സരങ്ങളില്‍ പങ്കെടുക്കുക, സമ്മാനങ്ങള്‍ വാങ്ങുക എന്നതിലപ്പുറം ഇത്തരം ശാസ്‌ത്രമേളകളിലൂടെ പൊതുസമൂഹത്തിന്‍റെ ഉത്ക്കര്‍ഷത്തില്‍ തങ്ങളുടേതായ പങ്കുവഹിക്കാന്‍ കൂടി മത്സരാര്‍ത്ഥികള്‍ക്കു കഴിയണം. പ്രത്യേകിച്ച്, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അശാസ്‌ത്രീയതയ്ക്കും മേല്‍ക്കൈ ഉണ്ടാക്കാന്‍ ചില ശക്തികള്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഇക്കാലത്ത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ പ്രകാരം ശാസ്‌ത്രാവബോധം വളര്‍ത്തുക എന്നത് രാജ്യത്തെ പൗരന്മാരുടെ കടമയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍, സയന്‍റിഫിക് ടെമ്പര്‍ വര്‍ദ്ധിപ്പിക്കുന്ന രീതിയിലല്ല പലപ്പോഴും കാര്യങ്ങള്‍ നീങ്ങുന്നത്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാനായി ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തന്നെ ശ്രമിക്കുന്നു. ആ ശ്രമങ്ങള്‍ക്ക് നമ്മുടെ ശാസ്‌ത്ര സ്ഥാപനങ്ങളെപ്പോലും തെറ്റായ രീതിയില്‍ ഉപയോഗിക്കുകയാണ്. ഒരുവശത്ത്, അശാസ്‌ത്രീയതകളെ ശാസ്‌ത്രീയ സത്യങ്ങളായി പാഠപുസ്‌തകങ്ങളില്‍ ഉള്‍പ്പെടുത്തുകയാണ്. മറുവശത്ത്, പരിണാമസിദ്ധാന്തം അടക്കമുള്ള ശാസ്‌ത്ര വിജ്ഞാനങ്ങളെ പുസ്‌തകങ്ങളില്‍ നിന്നും ഒഴിവാക്കുകയാണ്. ഇത്തരമൊരു ഘട്ടത്തില്‍ കേവലം വര്‍ഷംതോറും നടത്തിവരാറുള്ള മത്സരങ്ങള്‍ എന്നതിലുപരി ശാസ്‌ത്രാവബോധം വളര്‍ത്തുന്നതിലും അങ്ങനെ സാമൂഹിക പുരോഗതി ഉറപ്പുവരുത്തുന്നതിലും നിര്‍ണ്ണായക പങ്കുവഹിക്കാന്‍ കഴിയുന്നവയായി ശാസ്‌ത്രോത്സവങ്ങള്‍ മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ അധ്യാപകരും പ്രത്യേക ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വാട്‌സാപ്പ് സന്ദേശങ്ങളായി അശാസ്‌ത്രീയത പ്രചരിപ്പിക്കുന്നവരില്‍ അധ്യാപകരുമുണ്ട്. ശാസ്‌ത്രവിദ്യാഭ്യാസം കേവലം മാര്‍ക്കു നേടുന്നതിനുള്ള ഉപാധി മാത്രമല്ല. കാര്യങ്ങളെ യുക്തിസഹമായി സമീപിക്കാനുള്ള കഴിവ് ആര്‍ജ്ജിച്ചെടുക്കാനുള്ള ഉപാധികൂടിയാണ്. അത് മനസ്സില്‍വെച്ച് പ്രവര്‍ത്തിക്കാന്‍ അധ്യാപകര്‍ തയ്യാറാകണം. തന്‍റെ സ്‌കൂള്‍ പഠനകാലത്ത് വസൂരി വിത്തുകളെന്ന പേരില്‍ നടന്ന തെറ്റായ പ്രചാരണങ്ങള്‍ക്ക് പിന്നിലെ യുക്തിശൂന്യത ക്ലാസ് മുറിയില്‍ തങ്ങളുടെ മലയാള അധ്യാപകന്‍ വെളിപ്പെടുത്തിയ സംഭവം മുഖ്യമന്ത്രി അനുസ്‌മരിച്ചു.
ശാസ്‌ത്രബോധത്തിനും യുക്തിചിന്തയ്ക്കും ഇടമില്ലാതിരുന്ന ഒരു ഇരുണ്ട കാലം നമ്മുടെ നാടിനുണ്ടായിരുന്നു. അവിടെ നിന്നും നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുമാണ് വിദ്യാലയങ്ങള്‍ സ്ഥാപിച്ചും വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കിയുമൊക്കെ നമ്മെ ശാസ്‌ത്രീയ ചിന്തയിലേക്കു കൈപിടിച്ചുയര്‍ത്തിയത്. നമ്മുടെ നാടിന്‍റെ പുരോഗമനപരമായ ആ മുന്നോട്ടുപോക്കിന്‍റെ തുടര്‍ച്ച ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. അതിന്‍റെ ഭാഗമായാണ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സജ്ജമാക്കിയതും ന്യൂട്രാസ്യൂട്രിക്കല്‍സ്, മൈക്രോ ബയോംസ് തുടങ്ങിയ വിവിധ മേഖലകളില്‍ മികവിന്‍റെ കേന്ദ്രങ്ങള്‍ ഒരുക്കുന്നതും. ഗ്ലോബല്‍ സയന്‍സ് ഫെസ്‌റ്റിവല്‍ പോലെയുള്ള പരിപാടികള്‍ക്ക് കേരളം വേദിയാവുന്നതും ഇതിന്‍റെയൊക്കെ തുടര്‍ച്ചയായാണ്. പ്രതിലോമചിന്തകളെ തടുക്കാനുതകുന്നവിധം സാമൂഹികമായ ശാസ്‌ത്രാവബോധം വളര്‍ത്താന്‍ നമുക്കു കഴിയണം. അതിനുള്ള ഉപാധികളായി മാറണം ശാസ്‌ത്രോത്സവങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ശാസ്‌ത്രനൈപുണ്യവും വൈദഗ്ദ്ധ്യവും പ്രകടിപ്പിക്കാനുള്ള വേദിയാണ് ശാസ്‌ത്രോത്സവം. ഏഷ്യയിലെ തന്നെ ഏറ്റവും ബൃഹത്തായ ശാസ്‌ത്രമേളയാണിത്. മുന്‍ വര്‍ഷങ്ങളില്‍ ഈ മേളയില്‍ പങ്കെടുത്തിട്ടുള്ള പലരും പിന്നീട് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശാസ്‌ത്രമേളകളില്‍ പങ്കെടുത്തിട്ടുമുണ്ട്. ഇവിടെ നിന്നുള്ള വിജയികള്‍ക്ക് ഇത്തവണയും ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ കഴിവുകള്‍ തെളിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറു പതിറ്റാണ്ടോളം നീളുന്ന പാരമ്പര്യമുണ്ട് കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്. ഇക്കാലയളവില്‍ ലോകത്തുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ശാസ്‌ത്രമേളയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കെട്ടിലും മട്ടിലും മാത്രമല്ല, ആശയങ്ങളുടെ അവതരണത്തിലും ലോക വൈജ്ഞാനിക മുന്നേറ്റത്തിനൊപ്പം നീങ്ങാന്‍ നമ്മുടെ ശാസ്‌ത്രമേളകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സിന് മേല്‍ക്കൈ വരുന്ന ഈ കാലത്ത് എന്തെല്ലാം നൂതന സംവിധാനങ്ങളാണ് നമ്മുടെ കുട്ടികള്‍ക്ക് അവതരിപ്പിക്കാനുള്ളത് എന്ന് സംസ്ഥാനമൊന്നടങ്കം കൗതുകത്തോടെ വീക്ഷിക്കുകയാണ്. മനുഷ്യന് ഇന്ന് ശാസ്‌ത്രം കൂടുതലും അനുഭവവേദ്യമാകുന്നത് സാങ്കേതികവിദ്യകളിലൂടെയാണ്. അതായത്, ശാസ്‌ത്ര ഗവേഷണ ഫലങ്ങള്‍ സമൂഹത്തിന് ഉപകരിക്കുന്ന രീതിയിലുള്ള ഉത്പന്നങ്ങളായി പരിണമിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ, ആര്‍ജ്ജിക്കുന്ന വിജ്ഞാനത്തെ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിത്തീര്‍ക്കാന്‍ എങ്ങനെ കഴിയും എന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ നമ്മുടെ യുവ ശാസ്‌ത്ര പ്രതിഭകള്‍ക്ക് ഉണ്ടാകണം. അത്തരം ചിന്തകള്‍ ജനിപ്പിക്കുന്ന വേദിയായി കൂടി ശാസ്‌ത്രമേളകള്‍ മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശാശ്വതവും പ്രകൃതിസൗഹൃദപരവുമായ വികസനമാണ് സുസ്ഥിര വികസനം. അതിന് ശാസ്‌ത്രമുന്നേറ്റത്തിന്‍റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ന് ശാസ്‌ത്രമുന്നേറ്റത്തിന്‍റെ ഗുണഫലങ്ങള്‍ എത്തിച്ചേരുന്നത് ജനസംഖ്യയുടെ 20 ശതമാനത്തിലേക്കു മാത്രമാണ്. അതായത്, 80 ശതമാനത്തോളം ജനങ്ങള്‍ക്ക് അതിന്‍റെ ഗുണഫലങ്ങള്‍ ലഭിക്കുന്നില്ല. ശാസ്‌ത്രരംഗത്തെ കിടമത്സരങ്ങളും കുത്തകവത്ക്കരണവും മാനവികതയ്ക്കു പകരം ലാഭേച്‌ഛയ്ക്കു മാത്രം ഊന്നല്‍ നല്‍കുന്ന ശാസ്‌ത്ര ഗവേഷണങ്ങളും ഇതിനു കാരണമാണ്. ഇവ മറികടക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ലാഭേച്‌ഛയ്ക്ക് ഉപരിയായി മാനവികമായ സമീപനത്തെ ശാസ്‌ത്രരംഗത്ത് പ്രചരിപ്പിക്കാന്‍ കഴിയണം. അതിന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ശാസ്‌ത്ര രംഗത്തുള്ള എല്ലാവരും മുന്‍കൈ എടുക്കണം. സര്‍ക്കാര്‍ എല്ലാ തരത്തിലുള്ള പിന്തുണയും ലഭ്യമാക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശാസ്‌ത്രമുള്‍പ്പെടെ ഏതു മേഖലയിലും മുന്നോട്ടു പോകണമെങ്കില്‍ മികച്ച ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. അവയ്ക്കു പിന്തുണ ലഭ്യമാക്കേണ്ടതുണ്ട്. എന്നാല്‍, ഗവേഷണത്തിന് അത്രകണ്ട് പ്രോത്സാഹനം ലഭ്യമാക്കുന്ന രാജ്യമൊന്നുമല്ല നമ്മുടേത്. ബ്രിക്‌സ് രാജ്യങ്ങളുടെ പട്ടികയില്‍ ഗവേഷണത്തിന് ഏറ്റവും കുറവ് തുക ചിലവഴിക്കുന്ന രാജ്യമാണ് നമ്മുടേത് എന്നാണ് ഈയിടെ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ് മേഖലയ്ക്കായി ഇന്ത്യയുടെ ആകെ ആഭ്യന്തര ഉത്പാദനത്തിന്‍റെ 0.7 ശതമാനം മാത്രമാണ് നമ്മള്‍ ചിലവഴിക്കുന്നത്. ലോക ശരാശരി 1.8 ശതമാനമാണ് എന്നോര്‍ക്കണം. നമ്മുടെ രാജ്യത്ത് ഗവേഷണത്തിന് ചിലവഴിക്കുന്ന തുകയുടെ ഒരു ഭാഗമാകട്ടെ തികച്ചും അശാസ്‌ത്രീയമായ കാര്യങ്ങള്‍ക്കായാണ് ഉപയോഗപ്പെടുത്തുന്നത്.
എന്നാല്‍, കേരളം ഇവിടെ വേറിട്ടു നില്‍ക്കുന്നു. സംസ്ഥാന ബജറ്റില്‍ 3,500 കോടി രൂപയുടെ പ്രത്യേക റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ് ബജറ്റ് മുന്നോട്ടുവെക്കുകയുണ്ടായി. ഗവേഷണ ഫലങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടാല്‍ മാത്രം പോരാ, അവയിലെ അറിവുകള്‍ പൊതുസമൂഹത്തിന് ഉപകരിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളുമായി പരിവര്‍ത്തനം ചെയ്യപ്പെടുക കൂടി വേണം. അതിനുതകുന്ന വിധമാണ് ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ലാബുകള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. 10 സര്‍വ്വകലാശാലകളിലായി 200 കോടി രൂപ മുതല്‍മുടക്കിലാണ് അവ ഒരുക്കുന്നത്. തദ്ദേശീയമായ ജ്ഞാനോത്പാദനത്തിന് സഹായകമാകുന്ന വിധത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ, ഗവേഷണ മേഖലകളില്‍ ഇത്ര വലിയ മുതല്‍മുടക്ക് നടത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഗവേഷണമേഖലയിലെ പ്രതിഭകളെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത്. തുടര്‍ച്ചയായി മികവു തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അണ്ടര്‍ ഗ്രാജുവേറ്റ് തലം മുതല്‍ ബിരുദാനന്തര പഠനം വരെ മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് നല്‍കി അവരെ ഗവേഷണത്തിലേക്കു നയിക്കുകയും ചെയ്യുന്നുണ്ട് സര്‍ക്കാര്‍. ഇത്രയധികം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്ന മറ്റൊരു ഇന്ത്യന്‍ സംസ്ഥാനവുമില്ല. ഗവേഷണ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൈരളി അവാര്‍ഡുകള്‍ക്കു സമാനമായ മറ്റൊന്ന് ഒരു സംസ്ഥാനത്തുമില്ല. കൈരളി ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് ഗ്ലോബല്‍ പ്രൈസ്, ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് നാഷണല്‍ അവാര്‍ഡ്, ഗവേഷണ പുരസ്‌കാരം, ഗവേഷക പുരസ്‌കാരം എന്നിങ്ങനെയുള്ള അവാര്‍ഡുകളും നല്‍കിവരുന്നുണ്ട്. ഗവേഷണത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ മികവിന്‍റെ 30 കേന്ദ്രങ്ങള്‍ സംസ്ഥാനത്താകെ ഒരുക്കുകയാണെന്നും അവയില്‍ പത്തെണ്ണം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
'കോടി സൂര്യനുദിച്ചാലും ഒഴിയാത്തൊരു കൂരിരുള്‍ തുരന്നു സത്യം കാണിക്കും സയന്‍സിന്നു തൊഴുന്നു ഞാന്‍' എന്ന സഹോദരന്‍ അയ്യപ്പന്‍റെ വാചകം ഉദ്ധരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ശാസ്‌ത്രോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായി.
എംഎല്‍എമാരായ പി പി ചിത്തഞ്ജന്‍, എച്ച് സലാം, തോമസ് കെ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ജി രാജേശ്വരി, ആലപ്പുഴ നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം ആര്‍ റിയാസ്, നഗരസഭസ്ഥിരംസമിതി അധ്യക്ഷ ആര്‍ വിനീത, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ കെ ജീവന്‍ ബാബു, ജില്ലാ കളക്‌ടര്‍ അലക്‌സ് വര്‍ഗീസ്, എസ് സി ഇ ആര്‍ ടി ഡയറക്‌ടര്‍ ആര്‍ കെ ജയപ്രകാശ്, കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്‍റെ ഭാഗമായി സംഘാടക സമിതി പുറത്തിറക്കുന്ന സുവനീറിന്‍റെ കവര്‍പേജ് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്ക് നല്‍കി ചടങ്ങില്‍ പ്രകാശനം ചെയ്‌തു. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ ചേര്‍ന്നാണ് സ്വാഗതഗാനം ആലപിച്ചത്.