ന്യൂഡൽഹി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷ സ്റ്റേ ചെയ്‌ത് സുപ്രീംകോടതി. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ പ്രതി അമീറുൽ ഇസ്‌ലാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് ബിആർ ഗവായ്‌യുടെ അധ്യക്ഷതയില്‍ ജസ്‌റ്റിസ് സഞ്ജയ് കരോൾ, കെവി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് ഹർജി തീർപ്പാക്കുന്നത് വരെ വധശിക്ഷ സ്റ്റേ ചെയ്‌തത്.
കേസിൽ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് വധശിക്ഷയ്ക്ക് സ്റ്റേയെന്ന് കോടതി വ്യക്തമാക്കി.തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ പ്രത്യേക ബോർഡ് രൂപീകരിച്ച് പ്രതിയുടെ മാനസിക നില പരിശോധിച്ച് മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. അമീറുൽ ഇസ്‌ലാം തടവിൽ കഴിഞ്ഞിരുന്ന ജയിലുകളിൽ നിന്നുള്ള റിപ്പോർട്ടുകളും കോടതി തേടി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറണമെന്ന് ഹൈക്കോടതിയോടും വിചാരണ കോടതിയോടും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
ഹര്‍ജിയില്‍ സംസ്ഥാന സർക്കാരിന്‍റെ മറുപടിയും കേസുമായി ബന്ധപ്പെട്ട മറ്റ് രേഖകളും ലഭിച്ചതിന് ശേഷം സുപ്രീംകോടതി കേസില്‍ കൂടുതല്‍ വാദം കേൾക്കും. പ്രതി അമീറുല്‍ ഇസ്‌ലാം കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയത് അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ് ഹർജിയിൽ പറയുന്നത്. പ്രതിയുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലമോ പ്രതിക്ക് കുറ്റകൃത്യ ചരിത്രമില്ല എന്നതോ ശിക്ഷ ശരിവച്ച ഹൈക്കോടതി പരിഗണിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
2016 ഏപ്രിൽ 28നാണ് നിയമ വിദ്യാര്‍ഥിനിയായ ജിഷ കൊല്ലപ്പെട്ടത്. പെരുമ്പാവൂരിലെ വീട്ടിൽ വച്ച് പീഡനത്തിനിരയാക്കിയ ശേഷമായിരുന്നു കൊലപാതകം. കേസില്‍ ഏക പ്രതിയായിരുന്ന അമീറുൽ ഇസ്‌ലാം നടത്തിയ കുറ്റകൃത്യം അതിഭീകരവും അത്യപൂർവ്വവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. 2024 മെയ് 20ന് ഹൈക്കോടതി വധശിക്ഷ ശരിവയ്‌ക്കുകയും ചെയിതിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.