എറണാകുളം: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമം ഊർജിതമായി തുടരുകയാണെന്ന് സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ. നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്കായി യെമനിലെത്തിയ അമ്മ പ്രേമകുമാരി കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തെ നേരിൽ കാണാനുള്ള ശ്രമം തുടരുകയാണ്. ഗോത്രത്തലവൻമാരെ കണ്ട് ചർച്ച നടത്തി ഇതുവഴി കുടുംബത്തെ കാണാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും, ഗോത്രനതാക്കളുമായുള്ള കൂടിക്കാഴ്‌ച നടന്നിരുന്നില്ല. ഇതോടെയാണ് യെമൻ അഭിഭാഷകൻ വഴി കുടുംബവുമായി ചർച്ച നടത്താനുള്ള ശ്രമം തുടങ്ങിയത്.
അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകൾക്കായി 50 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിക്കാനാണ് തീരുമാനം. നിമിഷയുടെ അമ്മ കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബവുമായി ചർച്ച നടത്തുകയും അവർ മാപ്പ് നൽകുകയും ചെയ്‌താൽ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. കുടുംബത്തിന് നഷ്‌ടപരിഹാരം നൽകി അവരുടെ അനുമതിയോടെയും ജയിൽ മോചനം സാധ്യമാവും.
കൊലപാതക കേസിൽ യെമൻ സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസിൽ കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തിൻ്റെ നിലപാടാണ് നിർണായകമാവുക. മോചന ശ്രമത്തിൻ്റെ ഭാഗമായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലെ ജനങ്ങളോടും കൊല്ലപ്പെട്ട യെമൻ പൗരൻ്റെ കുടുംബത്തോടും മാപ്പ് അപേക്ഷിക്കുന്ന വീഡിയോ ചിത്രീകരിച്ച് അവിടുത്തെ മാധ്യമങ്ങൾക്ക് കൈമാറാനും ആക്ഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.
നിമിഷപ്രിയയെ അമ്മ പ്രേമകുമാരി പതിനൊന്ന് വർഷത്തിന് ശേഷം യെമനിലെ ജയിലിലെത്തി നേരിൽ കണ്ടിരുന്നു. യെമനിലെ സൻആയിലെ ജയിലെത്തിയായിരുന്നു കണ്ടത്. നീണ്ട കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ഒടുവിലാണ് പ്രേമകുമാരിക്ക് മകളെ കണാനായത്. ജയിലിനോട് ചേർന്ന പ്രത്യേക മുറിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്‌ചയ്ക്ക് ജയിൽ അധികൃതർ അവസരമൊരുക്കിയത്. ഇരുവർക്കും പുറത്ത് നിന്നുള്ള ഭക്ഷണം നൽകാനും അനുമതി നൽകിയിരുന്നു.
യെമനിലേക്ക് പോകാൻ അനുവാദം നൽകണമെന്ന അമ്മയുടെയും നിമിഷ പ്രിയ സേവ് ഫോറത്തിന്‍റെയും അപേക്ഷ കേന്ദ്ര സർക്കാർ സുരക്ഷാ കാരണത്താൻ തള്ളിയിരുന്നു. ഇതേ തുടർന്നായിരുന്നു മകളുടെ ജീവൻ രക്ഷിക്കാൻ സഹായമഭ്യർഥിച്ചും യെമനിൽ പോകാൻ അനുമതി തേടിയും അമ്മ പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് നിയമപോരാട്ടത്തിലൂടെയായിരുന്നു സ്വന്തം നിലയിൽ യെമനിലേക്ക് പോകാൻ നിമിഷയുടെ അമ്മയ്ക്കും സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോമിനും കോടതി അനുമതി നൽകിയത്
2017 ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിനാസ്‌പദമായ സംഭവം. തലാൽ അബ്‌ദുല്‍ മഹ്ദിയെന്ന യെമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നതാണ് കേസ്. വിവാഹ ശേഷം 2012 ലാണ് നിമിഷ പ്രിയ വീണ്ടും യെമനിൽ നഴ്‌സായി പോയത്. ഭർത്താവ് ടോമിയും യെമനിൽ ജോലിക്കായി എത്തിയിരുന്നു. യെമൻ പൗരൻ തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ പാർട്ടണർഷിപ്പിൽ ക്ലിനിക്ക് തുടങ്ങിയതാണ് നിമിഷയുടെ ജീവിതം കാരാഗൃഹത്തിലാകാന്‍ കാരണമായത്.
ക്ലിനിക്ക് ആരംഭിച്ച ശേഷം ഭർത്താവും മകളും നാട്ടിലേക്ക് വന്നെങ്കിലും ഇതിനിടയിൽ യെമനിൽ യുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ നിമിഷയ്ക്ക് തിരിച്ച് വരാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ യെമൻ പൗരന്‍റെ കുരുക്കിൽ കുടുങ്ങിയത്. നിമിഷയും യെമൻ സ്വദേശിയായ മറ്റൊരു പെൺകുട്ടിയും തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ ശാരീരികവും മാനസികമായ പീഡനത്തിനിരയാവുകയായിരുന്നു. ഇവരുടെ പാസ്പോർട്ട് ഉൾപ്പെടെ തലാൽ പിടിച്ചെടുത്തു. ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് മയക്ക് മരുന്ന് കുത്തിവച്ച് പാസ്പോർട്ടുമായി നിമിഷയും യെമൻ വനിതയും രക്ഷപെട്ടത്.
എന്നാൽ പൊലീസ് പിടികൂടിയ ഇവരെ ജയിലിലടച്ചു. ഇതിനിടെ തലാലിന്‍റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും വെട്ടി മുറിച്ച നിലയിൽ ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. തലാലിനെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് യെമൻ വിചാരണ കോടതിയെ ബോധ്യപ്പെടുത്താൻ നിമിഷയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്കും യെമനി വനിതയെ ജീവ പര്യന്തം തടവിനും ശിക്ഷിച്ചത്.
ഇതിനെതിരെ നിമിഷ നൽകിയ അപ്പീൽ വിചാരണ കോടതി തള്ളുകയായിരുന്നു. പിന്നീട് യെമൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും അപ്പീൽ തള്ളി. ഇതോടെയാണ് നിമിഷയുടെ ജീവിതം തന്നെ അപകടത്തിലായത്. കൊല്ലപ്പെട്ട വ്യക്‌തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നിമിഷപ്രിയക്ക് കഴിയുകയുള്ളൂ. ഇതിനു വേണ്ടി യെമൻ പൗരൻ്റെ കുടുംബത്തെ നേരിൽ കാണാനുള്ള ശ്രമമാണ് അമ്മ പ്രേമകുമാരി തുടരുന്നത്.
Also Read: ഇറങ്ങിച്ചെല്ലണമെന്ന് ഭീഷണി ; നിരസിച്ചതോടെ പെൺകുട്ടിയെ വീട്ടിൽ കയറി കുത്തിക്കൊന്ന് 21 കാരന്‍