തൃശൂര്‍: കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞു വീണ് കാണാതായ അർജുനായി പൊരിവെയിലിൽ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. ജോലിക്കിടയിൽ ദുരന്തത്തിൽപ്പെട്ട അർജുനെ എത്രയും വേഗം കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കണമെന്ന് ആവശ്യം.
തൃശൂർ കോർപ്പറേഷന് മുന്നിൽ ‘സേവ് അർജുൻ’ എന്ന വാക്യം ഉയർത്തി മുട്ടിലിരുന്നാണ് സമരം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അർജുനോട് നീതി പുലർത്തണമെന്നും ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
അതേസമയം അര്‍ജുനായുള്ള തെരച്ചിലിന് സൈന്യം സ്ഥലത്തെത്തി. കരസേനയുടെ 40 അംഗ സംഘമാണ് ഷിരൂരിലെത്തിയത്. രക്ഷ ദൗത്യം ആറാം ദിവസവം പിന്നിടുമ്പോഴാണ് സൈന്യം എത്തുന്നത്.
ലോറിയുണ്ടെന്ന് റഡാറിൽ സൂചന ലഭിച്ച പ്രദേശത്താണ് നിലവില്‍ മണ്ണ് നീക്കി പരിശോധന നടത്തുന്നത്. എന്നാൽ ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ ഇതുവരെ ഇവിടെ നിന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.