തിരുവനന്തപുരം : കെ കെ ബിർല ഫൗണ്ടേഷന്‍റെ സരസ്വതി സമ്മാൻ പുരസ്‌കാരം മലയാളം കവിയും മാധ്യമപ്രവർത്തകനുമായ പ്രഭാവർമ്മയ്ക്ക്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് അംഗീകാരം. കവിത രൂപത്തിലുള്ള നോവലാണിത്. മുൻ സുപ്രീംകോടതി ജഡ്‌ജി എ കെ സിക്രി അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പഞ്ചലോഹ സരസ്വതി വിഗ്രഹവും പതിനഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പൊന്നാടയും പ്രശസ്‌തിപത്രവും ഉൾപ്പെട്ടതാണ് സരസ്വതി സമ്മാൻ പുരസ്‌കാരം.
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും കൈവന്ന വലിയൊരു ആദരവായി ഈ പുരസ്‌കാരത്തെ കണക്കാക്കുന്നുവെന്ന് പ്രഭാവർമ്മ ഇടിവി ഭാരതിനോട് പ്രതികരിച്ചു. നമ്മുടെ ഭാഷയ്ക്ക് ഒരു ആദരം നേടിയെടുക്കാൻ കഴിഞ്ഞു. അതിൽ ഞാനൊരു മാധ്യമമായി എന്നതിലുള്ള സന്തോഷം ചെറുതല്ല. ഹരിവംശ്റായ് ബച്ചനെ പോലെയുള്ള അതിപ്രഗത്ഭവതികളായ ഇന്ത്യൻ എഴുത്തുകാർക്ക് ലഭിച്ചിട്ടുള്ള പുരസ്‌കാരമാണ്. ആ അംഗീകാരത്തിന്‍റെ ഇങ്ങേ തലയ്ക്കൽ വന്നുനില്‍ക്കാന്‍ കഴിയുന്നു എന്നുള്ളത് അതുപോലുള്ള കവികളുടെ അനുഗ്രഹമായി കരുതുന്നു.
12 വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നത്. 2012 ൽ സുഗതകുമാരി ടീച്ചറാണ് അവസാനമായി സരസ്വതി സമ്മാൻ പുരസ്‌കാരം നേടിയത്. 1995ൽ ബാലാമണിയമ്മയും 2005ൽ കെ അയ്യപ്പപ്പണിക്കരും സരസ്വതി സമ്മാൻ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.
മലയാളം, ഇന്ത്യൻ ഭാഷകളില്‍ ഒന്നാം നിരയിൽ തന്നെയാണെന്ന് ആവർത്തിച്ച് ഉറപ്പിക്കാൻ കഴിയുന്ന നിമിഷമായി ഇതിനെ കാണുന്നു. മലയാളം മറ്റൊരു ഭാഷയുടെയും പിന്നിലല്ല. അതിന്‍റെ തെളിവായി കൂടി ഈ പുരസ്‌കാരത്തെ കാണുന്നുവെന്നും പ്രഭാവർമ്മ ഇടിവി ഭാരതിനോട് പറഞ്ഞു.