കോഴിക്കോട്: സമസ്‌തയ്ക്കും ലീഗിനുമിടയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ പുകയുന്നു. പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങള്‍ക്കെതിരായ ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിലിന്‍റെ വധഭീഷണിയ്ക്ക് പിന്നാലെയാണ് സമസ്‌ത-ലീഗ് ബന്ധം വീണ്ടും വഷളാകുന്നത്(Rafi Puthiyakadavil against Mueen Ali Thangal).
സമസ്‌ത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് പാണക്കാട് മുഈന്‍ അലി തങ്ങള്‍. അതിനാല്‍ തന്നെ മുഈൻ അലി തങ്ങള്‍ക്കെതിരായ ഭീഷണി സമസ്‌തക്ക് വേണ്ടി നില കൊള്ളുന്നവര്‍ക്ക് എതിരായ ഭീഷണിയാണെന്നാണ് സമസ്‌തയുടെ നിലപാട്. ഭീഷണിക്ക് പിന്നാലെ ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്‌ത നേതാക്കള്‍ രംഗത്തെത്തി(Samasta-League relations deteriorating).
സമസ്‌തയുടെ കൂടെ നില്‍ക്കുന്നവര്‍ക്ക് ഭ്രഷ്‌ട് കല്‍പ്പിക്കാനുള്ള നീക്കം നടക്കുന്നതായും സമസ്‌ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കവും മറ്റു സമസ്‌ത നേതാക്കളും തങ്ങളുടെ പ്രസ്‌താവനയിൽ പറഞ്ഞു.
പാണക്കാട് തങ്ങൾ കുടുംബത്തിനുള്ളിലും മുസ്ലിം ലീഗിനുള്ളിലും പുകയുന്ന അസ്വാരസ്യങ്ങളുടെ ഭാഗമായി ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾ ഇടയ്ക്കിടെ വിവാദ പ്രസ്‌താവനകളുമായി രംഗത്തു വരാറുണ്ടായിരുന്നു. പാണക്കാട് കുടുംബത്തിന്‍റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും അനുവദിക്കില്ലെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിനായിരുന്നു ആദ്യം മുഈൻ അലി തങ്ങളുടെ മറുപടി.
"ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലുകളാണ്. പ്രായമാകുന്നതിന് അനുസരിച്ച് കാഴ്‌ചയ്‌ക്ക് മങ്ങൽ വരും, അതു ചികിത്സിക്കണം" എന്നായിരുന്നു മുഈനലി തങ്ങൾ തുറന്നടിച്ചത്. ഇതിന്‍റെ തുടർച്ചയായാണ് കുഞ്ഞാലിക്കുട്ടിയുടെ വലംകൈയ്യായ റാഫി പുതിയ കടവിൽ മുഈൻ അലി തങ്ങൾക്കെതിരെ വധഭീഷണിയുമായി രംഗത്തെത്തിയത്.
"സമുദായ നേതാക്കളെയും പാര്‍ട്ടി നേതാക്കളെയും വെല്ലുവിളിക്കാനാണ് തീരുമാനമെങ്കില്‍ വീൽചെയറില്‍ പോകേണ്ടി വരും" എന്നായിരുന്നു മുഈൻ അലി തങ്ങള്‍ക്കെതിരെ റാഫി പുതിയകടവിലിന്‍റെ വധഭീഷണി.
2021ലാണ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈൻ അലി തങ്ങൾ ആദ്യമായി പരസ്യ പ്രതികരണം നടത്തുന്നത്. കോഴിക്കോട് ലീഗ് ഹൗസില്‍ നടന്ന വാർത്ത സമ്മേനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ സാമ്പത്തിക ആരോപണം വരെ ഉന്നയിച്ച മുഈൻ അലി തങ്ങൾക്കെതിരെ അന്നും റാഫി പുതിയ കടവില്‍ പ്രതിഷേധിച്ചിരുന്നു.
സമസ്‌തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടാന്‍ എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന വിവാദ പ്രസംഗവുമായി എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂർ രംഗത്ത് വന്നപ്പോഴും മയപ്പെടുത്തി മാത്രമാണ് സമസ്‌ത നേതൃത്വം അതിനോട് പ്രതികരിച്ചത്.
വാക്കുകള്‍ മാന്യമാവണം എന്നായിരുന്നു ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രതികരിച്ചത്. സമസ്‌തയിലെ ലീഗ് വിരുദ്ധ ചേരിയുടെ നേതാവായ പന്തല്ലൂരിനെതിരെ ഒരു നടപടിയും എടുത്തില്ല എന്നതും ശ്രദ്ധേയമാണ്.
വെള്ളിയാഴ്‌ചയാണ് മുഈന്‍ അലി തങ്ങളുടെ ഫോണിലേക്ക് ഭീഷണിയും മുന്നറിയിപ്പുമായി രണ്ട് ശബ്‌ദ സന്ദേശങ്ങളെത്തിയത്. 31 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ആദ്യ ശബ്ദസന്ദേശത്തില്‍ സമുദായ നേതാക്കളെയും പാര്‍ട്ടി നേതാക്കളെയും വെല്ലുവിളിക്കാനാണ് തീരുമാനമെങ്കില്‍ വീൽചെയറില്‍ പോകേണ്ടി വരുമെന്ന ഭീഷണിയാണുളളത്.
15 സെക്കന്‍ഡ് ദൈര്‍ഘ്യമുളള രണ്ടാമത്തെ സന്ദേശം കൃത്യമായ വധഭീഷണിയാണ് നല്‍കുന്നത്. ഇതിന് പിന്നാലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിലാണ് ഭീഷണി സന്ദേശം അയച്ചതെന്ന് കാട്ടി മുഈന്‍ അലി തങ്ങള്‍ മലപ്പുറം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുഈന്‍ അലി തങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് റാഫിക്കെതിരെ കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കുകയായിരുന്നു. അതേസമയം മുഈൻ അലി തങ്ങളോട് ശത്രുത ഇല്ലെന്നും സൗഹൃദ സംഭാഷണത്തിന് ഇടയിൽ പറഞ്ഞ പരാമർശങ്ങളാണ് കേസിന് ആധാരമായതെന്നുമാണ് റാഫി പൊലീസിന് നൽകിയ മൊഴി.