കണ്ണൂര്‍: ശമ്പളമില്ലാതെ ആറളം വന്യജീവി സങ്കേതത്തിലെ വാച്ചര്‍മാര്‍. ഓപ്പറേഷന്‍ എലഫന്‍റ് ദൗത്യത്തില്‍ ജോലി ചെയ്‌ത 35 വാച്ചര്‍മാര്‍ക്ക് കഴിഞ്ഞ ഏഴ് മാസത്തെ ശമ്പളമാണ് മുടങ്ങിയത്. ശമ്പള കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറയുമ്പോഴും ഓണം അടുത്തിട്ടും ശമ്പളം ലഭിക്കാത്ത സ്ഥിതിയാണുള്ളത്.
ഒരു മാസത്തെ ശമ്പളം ഇന്ന് (സെപ്‌റ്റംബര്‍ 2) എത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഫോറസ്റ്റ് വാച്ചര്‍മാര്‍ ഡിഎഫ്ഒ ഓഫിസിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചപ്പോള്‍ രണ്ട് മാസത്തെ ശമ്പളം ഉടനെ നല്‍കുമെന്ന് വാഗ്‌ദാനം ചെയ്‌ത് സമരം പിന്‍വലിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഓഗസ്റ്റ് 22ന് രണ്ട് മാസത്തെ ശമ്പളം നല്‍കുമെന്ന് പറഞ്ഞത് നടപ്പായില്ല. ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കാട്ടാന ശല്യത്തെ തടഞ്ഞ് നിര്‍ത്താന്‍ പ്രവര്‍ത്തിച്ച വാച്ചര്‍മാരോടാണ് സര്‍ക്കാരിന്‍റെ അവഗണന. ശമ്പളത്തിനായി 7 മാസത്തോളമായി ഇവര്‍ കാത്തിരിക്കുകയാണ്. ഇനിയും പിടിച്ചു നില്‍ക്കാനാവാത്ത അവസ്ഥയാണെന്ന് വാച്ചര്‍മാര്‍ പറയുന്നു.
ഓപ്പറേഷന്‍ എലഫന്‍റ് ദൗത്യം മുടങ്ങിയാല്‍ പുനരധിവാസ മേഖലയിലേക്ക് ഇനിയും കാട്ടാനകള്‍ തിരിച്ചു വരുമോ എന്ന ഭയത്തിലാണ് ജനങ്ങള്‍. കാട്ടാനകളെ തുരത്തിയത് ഒരു പരിധിവരെ സഹായകമായിരുന്നു. ആന മതില്‍ പ്രാവര്‍ത്തികമാകുന്നത് വരെ ഓപ്പറേഷന്‍ എലഫന്‍റ് ദൗത്യം തുടരേണ്ടതുണ്ട്.
35 വാച്ചര്‍മാരുള്‍പ്പെടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാല്‍പത് അംഗ സംഘമാണ് കാട്ടാനകളെ തുരത്താനെത്തിയത്. കഴിഞ്ഞ അഞ്ച് മാസമായി 77 ആനകളെ വന്യജീവി സങ്കേതത്തിലേക്ക് കടത്തിയിരുന്നു. എംആര്‍എംഎ (മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണം) ഹെഡില്‍ നിന്നുമാണ് തുക അലോട്ട് ചെയ്യണ്ടത്. ഫോറസ്റ്റ് ഡവലപ്‌മെന്‍റ് ഏജന്‍സിയില്‍ നിന്നും വായ്‌പ എടുത്ത് തുക ക്രമീകരിക്കണം. ഇതെല്ലാം നടന്നാല്‍ മാത്രമേ ശമ്പളം ഇവര്‍ക്ക് ലഭിക്കൂ.
മുടങ്ങിക്കിടക്കുന്ന മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഡിഎഫ്ഒയ്ക്ക് നോട്ടിസ് നല്‍കുമെന്ന് യൂണിയന്‍ സെക്രട്ടറി കെടി ജോസ് അറിയിച്ചു.
Also Read : കുരങ്ങുകൾ ചത്ത സംഭവം: ആറളത്ത് പരിശോധന നടത്തി വനംവകുപ്പ്