തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ നടുക്കത്തില്‍ നിന്ന് വയനാട് മോചിതമാകുന്നതിനിടെ ബാണാസുര സാഗറിലെ ഹൈഡല്‍ ടൂറിസം ബോട്ടുകളിലെ ഉല്ലാസ യാത്രകളില്‍ പതിയിരിക്കുന്നത് വന്‍ അപകടം. അണക്കെട്ടില്‍ ടൂറിസ്റ്റുകളുമായി സഞ്ചരിക്കുകയായിരുന്ന സ്‌പീഡ് ബോട്ട് കഴിഞ്ഞ ആഴ്‌ച മുങ്ങി. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.
തൊട്ടു മുന്നിലുണ്ടായിരുന്ന ഒരു സ്‌പീഡ് ബോട്ടിലെ ജീവനക്കാരനും കരയില്‍ നിന്ന് മറ്റ് ബോട്ട് ജീവനക്കാരും എത്തിയാണ് യാത്രക്കാരെ സുരക്ഷിതരായി കരയിലെത്തിച്ചത്. കഴിഞ്ഞയാഴ്‌ചയാണ് സംഭവമുണ്ടായത്. കെഎസ്ഇബിയുടെ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ഉല്ലാസ യാത്ര നടത്തുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ഇതോടെ ബാണാസുര സാഗറില്‍ യാത്ര നടത്തുന്ന ബോട്ടുകളുടെ സുരക്ഷ ആശങ്കയിലായി. അടുത്ത കാലത്തായി ഹൈഡല്‍ ടൂറിസം വാങ്ങിയ പവര്‍ ബോട്ട് ഗിലേറിയ എന്ന കമ്പനിയുടെ ബോട്ടാണ് മറിഞ്ഞത്. ഹൈഡല്‍ ടൂറിസം ഈ കമ്പനിയുമായി 4 ബോട്ടുകള്‍ വാങ്ങാനുള്ള കാര്‍ ഒപ്പിട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതില്‍ ആദ്യമെത്തിയ സ്‌പീഡ് ബോട്ട് ആദ്യ സവാരി നടത്തവേയാണ് വെള്ളത്തില്‍ തലകീഴായി മറിഞ്ഞത്. ഇത്തരത്തിലുള്ള 10 ബോട്ടുകള്‍ ഇവിടെ സര്‍വ്വീസ് നടത്തുന്നുണ്ട്.
വയനാട് ദുരന്തത്തിന് ശേഷം ജില്ല പതിയെ ടൂറിസം മേഖലയിലേക്ക് മടങ്ങിവരവേയാണ് വീണ്ടും ബോട്ട് മറിഞ്ഞ സംഭവമുണ്ടായത്. ഇതോടെ ബാണാസുര സാഗറില്‍ ഹൈഡല്‍ ടൂറിസത്തിന്‍റെ ഭാഗമായി സവാരി നടത്തുന്ന ബോട്ടുകളുടെ ഫിറ്റ്നസ് പരിശോധിക്കുകയും ഫിറ്റ്നസില്ലാത്തവ മാറ്റുകയും വേണമെന്ന ആവശ്യം ശക്തമായി.
ബോട്ട് വാങ്ങലുമായി ബന്ധപ്പെട്ട് ഹൈഡല്‍ ടൂറിസം നടത്തിയ ടെണ്ടറില്‍ ക്രമക്കേട് ആരോപിച്ച് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന് പരാതി ലഭിച്ചിരുന്നു. ടെണ്ടര്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടയിലാണ് അപകടം എന്നതാണ് ശ്രദ്ധേയം. ബോട്ടുകളുടെ സുരക്ഷ പരിശോധന എത്രയും വേഗം നടപ്പാക്കാന്‍ ജില്ലാ കളക്‌ടര്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. അടുത്ത ദുരന്തം വയനാടിന്‍റെ ടൂറിസം മേഖലയിലാകുമോ എന്ന ആശങ്കയാണ് ശക്തമാകുന്നത്.