പത്തനംതിട്ട : ശബരിമലയിൽ 24 മണിക്കൂറും ഓടിനടന്ന് പ്രവർത്തിച്ച് ഫയർ ആൻഡ് റസ്‌ക്യൂ സംഘം. സന്നിധാനത്തെ കടകൾ, അരവണ പ്ലാന്‍റ്, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും നിരന്തരമായ ഫയർ ഓഡിറ്റിങ് നടത്തുന്നു. സന്നിധാനത്ത് ഉൾപ്പടെയുള്ള സ്ട്രക്‌ചർ സർവീസിന്‍റെ നിയന്ത്രണവും വകുപ്പിനാണ്. സന്നിധാനത്ത് അടിയന്തര സാഹചര്യത്തിൽ സ്ട്രക്‌ചർ സഹായത്തിന് നാല് പേരെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്.
ഫയർ ആൻഡ് റസ്‌ക്യൂ സ്റ്റേഷൻ ഓഫിസർ അർജുൻ കെ കൃഷ്‌ണന്‍റെ നേതൃത്വത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. സന്നിധാനത്ത് മാത്രം ഫയർ ആൻഡ് റസ്‌ക്യൂവിന്‍റെ 74 പേരടങ്ങുന്ന സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നു. അരവണ കൗണ്ടറിനടുത്താണ് ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിന്‍റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. നാല് ഫയർ റസ്‌ക്യൂ ഓഫിസർമാർ, ഒരു ഡ്രൈവർ, ഒരു സ്‌പെഷ്യൽ ഫയർ സർ എന്നിവരുൾപ്പെടുന്ന ആറു ജീവനക്കാർ വിവിധ ഷിഫ്റ്റുകളിലായാണ് പ്രവർത്തിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സന്നിധാനത്തെ സ്ട്രക്‌ചർ സർവീസ് ഉൾപ്പടെയുള്ള സഹായത്തിനായി 15 സിവിൽ ഡിഫൻഡ് വൊളണ്ടിയേഴ്‌സിനെയും തയാറാക്കി നിർത്തിയിട്ടുണ്ട്. കൺട്രോൾ റൂം കൂടാതെ എട്ട് ഫയർ സ്റ്റേഷൻ പോയിന്‍റുകളും ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. നടപ്പന്തൽ, മാളികപ്പുറം, ഭസ്‌മക്കുളം, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെഎസ്‌ഇബി, കൊപ്രാക്കളം തുടങ്ങിയ സ്ഥലങ്ങളിലാണ് ഫയർ പോയിന്‍റുകളായി പ്രവർത്തിക്കുന്നത്. ഓരോ ഫയർ പോയിന്‍റിലും നാല് ജീവനക്കാരുടെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
അസ്‌കാലൈറ്റ്, ഹൈഡ്രോളിക് കട്ടർ, ഡിമോളിഷിങ് കട്ടർ, റോപ് റസ്‌ക്യൂ കിറ്റ്, ബ്രീത്തിങ് അപ്പാരറ്റസ് തുടങ്ങി രക്ഷാപ്രവർത്തനത്തിനുള്ള അത്യാധുനിക ഉപകരണങ്ങളും ഇവിടെ സജ്ജമാണ്. സ്ട്രക്‌ചർ സർവീസിന് സഹായവുമായി ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും സന്നിധാനത്ത് സജീവമാണ്.
തീർഥാടനം വിജയകരമാക്കാൻ ഒറ്റക്കെട്ടായി സർക്കാർ വകുപ്പുകൾ
സമയം ശബരിമല തീർഥാടനം വിജയകരമാക്കാൻ വിവിധ സർക്കാർ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കുമെന്ന് ശബരിമല എ ഡി എം അരുൺകുമാർ. ശബരിമല തീർഥാടനം വിജയകരമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനം സ്പെഷ്യൽ ഓഫിസർ കെ ഇ ബൈജു, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ മുരാരി, ദേവസ്വം ബോർഡ് ചീഫ് വിജിലൻസ് ഓഫിസർ വി സുനിൽ കുമാർ, പൊലീസ്, അഗ്നിശമനസേന വിഭാഗം, എക്‌സൈസ്, റവന്യൂ, മലിനീകരണ നിയന്ത്രണ ബോർഡ്, ദേവസ്വം ബോർഡ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.