പത്തനംതിട്ട : ഇടവമാസ പ്രതിഷ്‌ഠാദിന പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്‌ത ക്ഷേത്ര നട മെയ് 14ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 15 ന് ആണ് ഇടവം ഒന്ന്. തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി എൻ മഹേഷ് നമ്പൂതിരി ശബരിമല നട തുറക്കും. തുടർന്ന് മേല്‍ശാന്തി പതിനെട്ടാം പടിയ്‌ക്ക് താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്നി തെളിക്കും.
ഇതിനുശേഷമായിരിക്കും തീർഥാടകരെ പതിനെട്ടാംപടി കയറ്റുക. മേല്‍ശാന്തി പി ജി മുരളി മാളികപ്പുറം ക്ഷേത്രനട തുറക്കും. മെയ് 15 മുതല്‍ നിർമാല്യ ദർശനം, പതിവ് അഭിഷേകം, കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം എന്നിവ നടക്കും. രാവിലെ 5.30 മുതല്‍ ഏഴ് വരെയും 9 മുതല്‍ 11 വരെയും നെയ്യഭിഷേകം ഉണ്ടായിരിക്കും.
7.30ന് ഉഷപൂജ, തുടർന്ന് ഉദയാസ്‌തമയപൂജ, 25 കലശം, കളഭാഭിഷേകം, ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്‌പാഭിഷേകം, അത്താഴ പൂജ എന്നിവ നടക്കും. മാളികപ്പുറം ക്ഷേത്രത്തില്‍ ദീപാരാധയ്ക്കുശേഷം ദിവസവും ഭഗവതിസേവ നടക്കും. 19ന് രാത്രി 10ന് നടയടയ്ക്കും.
ശബരിമല ഇടവമാസ പൂജയ്ക്ക് സ്‌പെഷ്യൽ സർവീസായി കെഎസ്‌ആർടിസി 100 ബസുകള്‍ അനുവദിച്ചു. ഇതില്‍ 50 ബസ് പമ്പ നിലയ്ക്കല്‍ റൂട്ടില്‍ ചെയിൻ സർവീസ് നടത്തും. ചെങ്ങന്നൂർ 30, പത്തനംതിട്ട 15, കുമളി 5 ഉം ബസുകൾ അനുവദിച്ചിട്ടുണ്ട്.
പമ്പയിലേക്കുള്ള പ്രധാന സർവീസ് ചെങ്ങന്നൂർ, പത്തനംതിട്ട ഡിപ്പോകളില്‍ നിന്നാണ്. ട്രെയിൻ വരുന്നതിന് അനുസരിച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ചെങ്ങന്നൂർ, പമ്പ സർവീസുകള്‍ പുറപ്പെടുന്നത്. പമ്പയില്‍ നിന്നു ചെങ്ങന്നൂരിനുള്ള എല്ലാ ബസുകളും റെയില്‍വേ സ്റ്റേഷൻ വരെ സർവീസ് നടത്തും.
Also Read: സൗകര്യങ്ങള്‍ വിലയിരുത്താന്‍ നേരിട്ടെത്തും; ഹൈക്കോടതി ദേവസ്വം ബെഞ്ച് സന്നിധാനത്തേക്ക്